ക്രിയേറ്റർ സെൻട്രലുമായി ആമസോൺ

Sunday 10 November 2024 12:15 AM IST

കൊച്ചി: കണ്ടന്റ്‌ ക്രിയേറ്റർമാരെ ശാക്തീകരിക്കാനായി ആമസോൺ ഇന്ത്യയിൽ ക്രിയേറ്റേർ സെൻട്രൽ അവതരിപ്പിച്ചു. കണ്ടന്റ്‌ നിർമ്മാണം ലളിതമാക്കാനും സാങ്കേതിക സങ്കീർണതകളൊഴിവാക്കി സർഗാത്മകമായി കണ്ടന്റുകൾ സൃഷ്ടിക്കാനും മികച്ച രീതിയിൽ പ്രമോഷന്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. ആമസോൺ ഇന്‍ഫ്‌ളുവൻസർ പ്രോഗ്രാമുമായി ബന്ധപ്പെട്ട 50,000ലധികം ക്രിയേറ്റർമാർക്ക്‌ സമീപ ആഴ്‌ചകളിൽക്രിയേറ്റർ സെൻട്രൽ ലഭ്യമാക്കും. ഇതുപയോഗിച്ച്‌ ആമസോൺ ആപ്പിൽ നിന്നും ക്രിയേറ്റർമാർക്ക്‌ ഐഡിയ ലിസ്‌റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ അപ്‌ലോഡ്‌ ചെയ്യാം. ഇതിൽ നിന്നുള്ള വരുമാനം, മികച്ച പ്രവർത്തനം കാഴ്‌ചവെച്ച കണ്ടന്റുകൾ, വിഭാഗം തുടങ്ങിയ പ്രകടന റിപ്പോർട്ടുകളും ലഭിക്കും. ക്രിയേറ്റർമാർക്ക്‌ ഒന്നിലധികം അക്കൗണ്ടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സ്‌റ്റോർ ഫ്രണ്ടിലേക്ക്‌ ഒന്നിലധികം യൂസർമാരെ ചേർക്കാനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും സാധിക്കും. തുടർച്ചയായ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം ആദ്യം ആരംഭിച്ച ക്രിയേറ്റർ യൂണിവേഴ്‌സിറ്റിയെ ക്രിയേറ്റർ സെൻട്രലുമായി സംയോജിപ്പിക്കും. ഇന്ത്യയിലെ ക്രിയേറ്റർമാരെ ശാക്തീകരിക്കാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഏകജാലക പ്ലാറ്റ്‌ഫോമാണ്‌ ക്രിയേറ്റർ സെൻട്രലെന്ന്‌ ആമസോൺ ഇന്ത്യ ഷോപ്പിംഗ്‌ ഇനിഷ്യേറ്റീവ്‌സ്‌ ആൻഡ് എമർജിംഗ്‌ മാർക്കറ്റിംഗ്‌ ഡയറക്ടർ സാഹിദ്‌ ഖാൻ പറഞ്ഞു.