ഐ.എ.എസ് മതഗ്രൂപ്പ്: ഗോപാലകൃഷ്ണൻ നേരിട്ട് വിശദീകരണം നൽകണം
തിരുവനന്തപുരം: ഹിന്ദു, മുസ്ലിം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനോട് ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ റിപ്പോർട്ട് തേടി. തിങ്കളാഴ്ച ഓഫീസിലെത്തി വിശദീകരണം നൽകാനാണ് നിർദ്ദേശം. വിശദീകരണം രേഖാമൂലം എഴുതി നൽകുകയും വേണം. വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. ഫോൺ ആരോ ഹാക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണൻ ആവർത്തിക്കുന്നത്. ഹാക്ക് ചെയ്തതിന് തെളിവില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഈ റിപ്പോർട്ട് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് ഇന്നലെ ചീഫ്സെക്രട്ടറിക്ക് കൈമാറി.
ഗൂഗിളും വാട്സാപ്പും ഇന്റർനെറ്റ് സേവനദാതാക്കളും ഹാക്കിംഗ് നിഷേധിക്കുന്നു. ഫോറൻസിക് പരിശോധനയിലും ഹാക്കിംഗ് കണ്ടെത്താനായില്ല. ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്തതിനാൽ ഹാക്കിംഗ് തിരിച്ചറിയാനാവുന്നില്ല. ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ.പി വിലാസം ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും അറിയിച്ചു. ഈ റിപ്പോർട്ടുകളും ഡി.ജി.പി ചീഫ്സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ടാൽ പിന്നീട് സ്വന്തമായി നിയന്ത്രിച്ച് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യാൻ കഴിയില്ലെന്നതും ഗോപാലകൃഷ്ണന് തിരിച്ചടിയാണ്. ഹിന്ദു ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുണ്ടാക്കിയത് പുറത്തറിഞ്ഞതോടെയാണ് മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുണ്ടാക്കിയത്. ഇതിൽ തന്നെ ചേർത്തതിനെതിരെ കൃഷിവകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള പരാതിപ്പെട്ടിരുന്നു.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡൽഹിയിൽ ഉന്നതപദവി ഉറപ്പാക്കാൻ, താൻ കേരളത്തിൽ ഐ.എ.എസുകാർക്കിടയിൽ സ്വാധീനമുള്ളയാളാണെന്ന് കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താനായിരുന്നു ഗോപാലകൃഷ്ണന്റെ ശ്രമമെന്നാണ് പൊലീസിന്റെ അനുമാനം. സന്ദേശങ്ങൾ കൈമാറിയിട്ടില്ലാത്തതിനാൽ കേസെടുക്കാനിടയില്ല. എന്നാൽ വകുപ്പുതല അന്വേഷണത്തിന് സാദ്ധ്യതയുണ്ട്. ഗോപാലകൃഷ്ണനെ സർക്കാർ താക്കീത് ചെയ്യാനുമിടയുണ്ട്.