16കാരിയുടെ ആറുമാസം പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി
കൊച്ചി: മാനഭംഗത്തിന് ഇരയായ 16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം മെഡിക്കൽ സഹായത്തോടെ അവസാനിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി. ഗർഭച്‌ഛിദ്രത്തിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അതിജീവിതയുടെ മാതാവ് നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി.
പെൺകുട്ടിയെ കാമുകനാണ് മാനഭംഗപ്പെടുത്തിയത്. ഗർഭകാലം 26 ആഴ്ച പിന്നിട്ട അവസരത്തിലാണ് സിംഗിൾബെഞ്ച് വിഷയം പരിശോധിച്ചത്. കുഞ്ഞിനെ വളർത്തുന്നതിൽ പെൺകുട്ടിയുടെ മാനസിക വിഷമമടക്കം മാതാവ് ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് നിയോഗിച്ച മെഡിക്കൽ ബോർഡിൽ മാനസികാരോഗ്യ വിദഗ്ദ്ധൻ ഉണ്ടായിരുന്നില്ല. ഗർഭച്ഛിദ്രം നടത്തിയാൽ ആരോഗ്യ പ്രശ്നമുണ്ടായേക്കാമെന്നും ഭ്രൂണത്തിന് തകരാറില്ലാത്തതിനാൽ ഗർഭച്‌ഛിദ്രം ശുപാർശ ചെയ്യാനാകില്ലെന്നുമായിരുന്നു റിപ്പോർട്ട്.
അപ്പീൽ എത്തിയപ്പോൾ ഡിവിഷൻ ബെഞ്ച് നിർദ്ദേശപ്രകാരം മാനസികാരോഗ്യ വിദഗ്ദ്ധനടക്കം അതിജീവിതയെ പരിശോധിച്ചു. ഗർഭവുമായി മുന്നോട്ടുപോകാനുള്ള മാനസികശേഷി പെൺകുട്ടിക്കില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണു ഗർഭച്‌ഛിദ്രത്തിന് ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്.
ജീവനോടെയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നതെങ്കിൽ ജീവൻ രക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് തൃശൂർ മെഡിക്കൽ കോളേജിന് കോടതി നിർദ്ദേശം നൽകി. പെൺകുട്ടിയും മാതാപിതാക്കളും ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാനവും ബന്ധപ്പെട്ട ഏജൻസികളും കുഞ്ഞിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കണം. പീഡനക്കേസുള്ളതിനാൽ ഡി.എൻ.എ പരിശോധനയ്ക്കായി ഭ്രൂണത്തിന്റെ രക്ത സാമ്പിളുകളും കോശങ്ങളും സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.