ഇടതു, വലത് മുന്നണികൾ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു: തുഷാർ

Sunday 10 November 2024 12:18 AM IST

ചേലക്കര: ഇടതു, വലത് രാഷ്ട്രീയ പാർട്ടികൾ മതേതരത്വം പറഞ്ഞ് വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ചേലക്കര നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മളെ വലിയ മതവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കാൻ നോക്കുമ്പോൾ അവരാണ് യഥാർത്ഥത്തിൽ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത്. മുനമ്പത്ത് നടക്കുന്ന വഖഫ് ബോർഡ് പ്രശ്‌നം നിസാരമായി കാണേണ്ടതല്ല. പാലക്കാട് ടിപ്പു സുൽത്താൻ വന്നിരുന്നുവെന്ന് പറഞ്ഞ് ആ സ്വത്തിന്റെയും അവകാശവാദം വഖഫ് ബോർഡ് ഉന്നയിച്ചാൽ ജനങ്ങളും കളക്ടറേറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒഴിവായി പോകേണ്ടി വരില്ലേ. നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തും മുമ്പ് മതതീവ്രവാദികൾക്ക് സംരക്ഷണം കൊടുക്കാനാണ് ഇരുമുന്നണികളും ശ്രമിച്ചിരുന്നത്. വോട്ട് നിലയിൽ നിർണായക ശക്തിയായി ബി.ഡി.ജെ.എസ് വളർന്നിട്ടുണ്ടെന്നും തുഷാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.