എയ്ഡന് കൂട്ടായി കുഞ്ഞനുജത്തി; അനുപമയ്ക്കും അജിത്തിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു
തിരുവനന്തപുരം: കേരളത്തിൽ ഏറെ കോളിളക്കവും രാഷ്ട്രീയ വിവാദവും ഉണ്ടാക്കിയ ദത്ത് വിവാദത്തിലൂടെ വാർത്തകളിൽ ഇടം പിടിച്ച അനുപമയ്ക്കും അജിത്തിനും രണ്ടാമതും കുഞ്ഞുപിറന്നു. പെൺകുഞ്ഞ് ജനിച്ച വിവരം അജിത്താണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അനുപമയും അജിത്തും മൂത്തമകൻ എയ്ഡനും യൂട്യൂബിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്.
കുഞ്ഞിനെ താൻ അറിയാതെ മാതാപിതാക്കൾ ദത്ത് നൽകിയെന്ന അനുപമയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. പിന്നീട് കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള അനുപമയുടെ പോരാട്ടത്തിന് വലിയ മാദ്ധ്യമ ശ്രദ്ധ ലഭിച്ചിരുന്നു. സിപിഎമ്മിനെയും സർക്കാരിനെയും ശിശുക്ഷേമ സമിതിയെയും ഈ വിവാദം പിടിച്ചുലച്ചു. ഒടുവിൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചു.
അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച കുഞ്ഞിനെ ആന്ധ്രാ ദമ്പതികൾക്കാണ് ദത്ത് നൽകിയത്. സംഭവം വിവാദമായതോടെ താൽക്കാലിക ദത്ത് നിർത്തലാക്കി ആന്ധ്രാ ദമ്പതികളിൽ നിന്ന് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുകയായിരുന്നു. ഡിഎൻഎ പരിശോധനാഫലം അനുകൂലമായതിനെതുടർന്ന് ആന്ധ്രയിലെ ദമ്പതികൾ ദത്തെടുത്ത കുട്ടിയെ കോടതിയുടെ അനുമതിയോടെ അനുപമയ്ക്കും അജിത്തിനും മടക്കി നൽകുകയായിരുന്നു.