മെഴ്സിക്കുട്ടിയമ്മയ്ക്ക് മോഹഭംഗം: ചെന്നിത്തല

Monday 11 November 2024 1:35 AM IST

തിരുവനന്തപുരം: കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്കു കൊള്ളയടിക്കാൻ അവസരം കൊടുക്കുന്ന ആഴക്കടൽ മത്സ്യബന്ധന പദ്ധതി നടക്കാതെ പോയതിലുള്ള മോഹഭംഗമാണ് മെഴ്സിക്കുട്ടിയമ്മയുടെ ഫേസ് ബുക്ക് പോസ്റ്റിൽ തെളിയുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഈ പദ്ധതിയെക്കുറിച്ചും ഒപ്പു വെച്ച കരാറിനെക്കുറിച്ചുമുള്ള വിശദാംശങ്ങൾ താൻ ആദ്യമായി പുറത്തു വിടുന്നത് 2021 ഫെബ്രുവരി 19 നു കൊല്ലത്താണ്. ഈ സംഭവമാണ് താനും പ്രശാന്തും ചേർന്നുള്ള ഗൂഢാലോചനയാണ് എന്നു മെഴ്സിക്കുട്ടിയമ്മ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

ഇ.എം.സി.സിയുമായുള്ള കരാറിന്റെ ഭാഗമായാണ് സർക്കാരിന്റെ അധീനതയിലുള്ള ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ 2021 ഫെബ്രുവരി 2 നാണ് ഇ.എം.സി.സിയുമായി 400 ട്രോളറുകളും അഞ്ചു മദർഷിപ്പുകളും നിർമ്മിക്കുന്നതിനും ഏഴ് തുറമുഖങ്ങൾ നവീകരിക്കുന്നതിനുമുള്ള ധാരണാ പത്രത്തിൽ ഒപ്പിട്ടത്. അത് 5000 കോടിയുടേതല്ല, 2950 കോടിയുടെ ഉപപദ്ധതിയായിരുന്നു. അതിന്റെ എം.ഡി അന്ന് പ്രശാന്ത് ആയിരുന്നു . ആ കോർപ്പറേഷൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതായിരുന്നു എന്ന കാര്യം മെഴ്സിക്കുട്ടിയമ്മ മറച്ചുവയ്ക്കുകയാണ് . അപ്പോൾ മുഖ്യമന്ത്രി അറിയാതെ ഇത്രയും വലിയ അന്താരാഷ്ട്ര കരാറിൽ ഉദ്യോഗസ്ഥർ ഒപ്പു വയ്ക്കുമോ?