അഞ്ച് മാസം കൊണ്ട് അഭിനവ സ്വർണം
പിതാവ് ഫയർഫോഴ്സിലെ കായിക പുലിയാണെങ്കിൽ മകൻ സ്കൂൾ തലത്തിൽ പുപ്പുലിയാണ്. ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ വെറും അഞ്ച് മാസത്തെ പരിശീലനം കൊണ്ട് ആലപ്പുഴയുടെ അഭിനവ് ശ്രീറാം സ്വർണം ചാടിയെടുത്തു. 1.88 മീറ്റർ ഉയരം മറികടന്നാണ് സ്വർണ നേട്ടം. ആലപ്പുഴ കലവൂർ ജി.എച്ച്.എസ്.സിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ് അഭിനവ്.കഴിഞ്ഞ ദിവസം ജൂനിയർ വിഭാഗം ലോംഗ് ജംമ്പിൽ വെള്ളി നേടിയിരുന്നു.
പിതാവ് ശ്രീറാം വൈക്കം ഫയർ സ്റ്റേഷനിലെ സീനയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസറാണ്.ഫയർഫോഴ്സിന്റെ അത്ലറ്റിക്കിൽ മീറ്റിൽ ദേശീയ മെഡൽ ജേതാവാണ്.100 മീറ്റർ ഓട്ടം,റിലേ,ലോംഗ് ജമ്പ് എന്നിവയിലെല്ലാം ശ്രീറാമിന് മെഡൽ ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ സ്പോർട്സ് കൗൺസിലിന്റെ കോച്ച് സാംജിയുടെ കീഴിലാണ് പരിശീലനം.വൈക്കം ഗവ.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി അദ്ധ്യാപികയായ ഷീനയാണ് മാതാവ്.
എന്ത് ചാട്ടാ ഗഡി
കരിയറിലെ തന്നെ ഏറ്റവും മികച്ച ചാട്ടത്തിലൂടെ സ്വർണം നേടിയ സന്തോഷത്തിലാണ് തൃശൂരിന്റെ ഗായത്രി.ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ലോംഗ് ജമ്പിലാണ്
ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഗായത്രി എൻ.ജി 5.14 മീറ്റർ ചാടി സ്വർണം നേടിയത്.
രണ്ട് വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഗായത്രിയുടെ ആദ്യ സംസ്ഥാന മെഡൽ.തൃശൂരിലെ കേരള കൗമുദി പത്ര ഏജന്റും പിതാവുമായ ഗണേശ് എൻ.ആർ മാതാവ് അനു എന്നിവർ ഗായന്ത്രിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.ഗായത്രിയുടെ സഹാദരി ഗാഥ സംസ്ഥാന തലത്തിൽ ഹൈജമ്പിൽ മെഡൽ ജേതാവാണ്.