വയനാട്ടിലും ഭൂമി കൈയേറിയെന്ന് വഖഫ് ബോർഡ്, അഞ്ച് കുടുംബങ്ങൾക്ക് നോട്ടീസ്

Monday 11 November 2024 2:09 PM IST

വയനാട്: വയനാട്ടിലും ഭൂമി കൈയേറിയെന്ന് വഖഫ് ബോർഡ് നോട്ടീസ്. മാനന്തവാടി തവിഞ്ഞാലിലെ അഞ്ചു കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. വി.പി.സലിം, സി.വി.ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് കിട്ടിയത്.

ഒക്ടോബർ 10 നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും, സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങൾക്കും വഖഫ് ബോർഡിന്റെ നിർദേശമുണ്ട്.

അതേസമയം, വഖഫ് നിയമത്തിന്റെ ഇരകളായ മുനമ്പത്തെ 614 കുടുംബങ്ങൾ നടത്തുന്ന ഭൂസംരക്ഷണസമരം സംസ്ഥാനതലത്തിലേക്ക് വ്യാപിക്കുന്നു. ലത്തീൻ കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ നടക്കുന്നസമരത്തിന് സിറോമലബാർ സഭയും പിന്തുണ പ്രഖ്യാപിച്ചു. 29 ദി​വസം പി​ന്നി​ട്ട സമരം ഉപതി​രഞ്ഞെടുപ്പി​ൽ ക്രൈസ്തവ വോട്ടുകളെ സ്വാധീനിക്കുമെന്ന് ഇടതു, വലതു മുന്നണികൾ ഭയക്കുന്നുണ്ട്.