'വയനാട്ടിൽ ഒന്നല്ല രണ്ട് എംപിമാർ';  താൻ  തിരിച്ചു  വരുമെന്ന് മലയാളത്തിൽ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

Monday 11 November 2024 5:54 PM IST

ബത്തേരി: 'ഞാൻ തിരിച്ചു വരും' എന്ന് മലയാളത്തിൽ പ്രഖ്യാപിച്ച് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കനത്ത മഴയെ അവഗണിച്ച് തന്നെക്കാണാനായി തിരുവമ്പാടിയിൽ തടിച്ചുകൂടിയ ജനാവലിയെ നോക്കിയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. കലാശക്കൊട്ടിന്റെ ഭാഗമായി ബത്തേരിയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുത്തു. രണ്ട് എംപിമാർ‌ ഉള്ള ഏക പാർലമെന്റ് മണ്ഡലം വയനാട് ആയിരിക്കുമെന്നും തങ്ങൾ ഒരുമിച്ച് വയനാടിന് വേണ്ടി ശബ്ദം ഉയർത്തുമെന്നും രാഹുൽ പറഞ്ഞു. അസംപ്‌ഷൻ ജംഗ്ഷൻ മുതൽ ചുങ്കം വരെ നടത്തിയ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

'നിങ്ങൾ കുടുംബാംഗത്തെപ്പോലെ എന്നെ സ്വീകരിച്ചു. തിരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചാൽ, നിങ്ങളെ പ്രതിനിധാനം ചെയ്യാൻ സാധിച്ചാൽ എനിക്ക് ലഭിക്കുന്ന വലിയ ആദരവായിരിക്കും അത്. നിങ്ങൾക്ക് വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്യും. എന്റെ സഹോദരൻ ഏറ്റവും പ്രതിസന്ധിയിലായ സമയത്ത് നിങ്ങൾ നൽകിയ സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കും. ഇപ്പോൾ തന്നെ നിങ്ങൾ എനിക്ക് വളരെയധികം സ്‌നേഹം നൽകി. വയനാട്ടിലുടനീളം സ‌ഞ്ചരിച്ച് കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദിവാസികളെയും കണ്ടു. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി വരികയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലമായാണ് വയനാട് കാണുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നാടാണ് വയനാട്. നിങ്ങൾ എന്റെ സഹോദരീ സഹോദരന്മാരാണ്. എനിക്ക് പറ്റുന്ന സമയമെല്ലാം ഞാൻ ഇവിടെയുണ്ടാകും',- പ്രിയങ്ക പറഞ്ഞു.