18 വർഷത്തിന് ശേഷം റഹീം ഉമ്മയെ കണ്ടു , കൂടിക്കാഴ്ച റിയാദിലെ ജയിലിൽ

Monday 11 November 2024 7:13 PM IST

റിയാദ് : സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൾ റഹീമിനെ മാതാവ് ഫാത്തിമ സന്ദർശിച്ചു. 18 വർഷങ്ങൾക്കു ശേഷമായിരുന്നു ഉമ്മയുടെയും മകന്റെയും കൂടിക്കാഴ്ച. വികാരനിർഭര നിമിഷങ്ങൾക്കാണ് റിയാദിലെ ജയിൽ സാക്ഷ്യം വഹിച്ചത്. ഉമ്മയ്ക്കൊപ്പം സഹോദരൻ നസീറും അമ്മാവനും റഹീമിനെ സന്ദർശിച്ചു. ഉംറ നിർവഹിച്ച ശേഷം തിരികെ റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. കഴിഞ്ഞ ദിവസം മകനെ കാണാൻ മാതാവ് എത്തിയിരുന്നെങ്കിലും ജയിലിൽ വച്ച് കാണാൻ റഹീം സമ്മതിച്ചിരുന്നില്ല. ഉമ്മയെ ജയിലിൽ വച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നത് എന്നാണ് റഹീം സുഹൃത്തുക്കളോട് പറഞ്ഞത്. തുടർന്ന് ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് തിങ്കളാഴ്ച രാവിലെ ഇരുവരും കണ്ടത്. ജയിലിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മയും സഹോദരൻ നസീറും റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി.

റഹീമിന്റെ കേസ് അടുത്ത 17നാണ് കോടതി വീണ്ടും പരിഗണിക്കുക. റിയാദിൽ നിയമസഹായസമിതിയെ അറിയിക്കാതെ ചില വ്യക്തികൾ വഴിയാണ് കുടുംബം എത്തിയിരുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് റഹീമിനെ കാണാൻ ഉമ്മയെത്തിയത്. എന്നാൽ റഹീം കാണാൻ തയ്യാറായില്ല. ഉമ്മയ്‌ക്കൊപ്പം സഹോദരനടക്കമുള്ള ബന്ധുക്കളുമുണ്ടായിരുന്നു. ഗവർണറുടെ അനുമതിയോടെയാണ് ഇവർ ജയിലിലെത്തിയത്. മകൻ കാണണ്ട എന്ന് പറഞ്ഞതോടെ അവർ പൊട്ടിക്കരഞ്ഞു. ഇതോടെ ജയിൽ അധികൃതർ വീഡിയോ കോൺഫറൻസ് വഴി കാണിക്കാൻ ശ്രമിച്ചിരുന്നു.