ഒരേ പദ്ധതിക്കുള്ള ഭൂമിക്കെല്ലാം തുല്യവില നൽകണം: ഹൈക്കോടതി

Tuesday 12 November 2024 4:46 AM IST

കൊച്ചി: നികത്തിയെടുത്തതടക്കം ഏതു ഭൂമിയാണെങ്കിലും ഒരേ പദ്ധതിക്കാണ് ഏറ്റെടുക്കുന്നതെങ്കിൽ ഉടമകൾക്ക് തുല്യ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിന് ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക കോടതി ഏകീകരിച്ചു.

കുന്നത്തുനാട് വില്ലേജിൽ ഏറ്റെടുത്ത 100 ഏക്കർ ഭൂമിയുടെ ഉടമകൾ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റാവൽ,ജസ്റ്റിസ് എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഭൂമി ഏറ്റെടുക്കൽ നിയമം 1894 പ്രകാരം സർക്കാർ 2007 സെപ്തംബർ 20ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ഭൂമി ഏറ്റെടുക്കുകയുമായിരുന്നു.

സർക്കാർ നിശ്ചയിച്ച തുകയ്ക്ക് ചിലർ ഭൂമി നൽകിയെങ്കിലും നഷ്ടപരിഹാരം കുറഞ്ഞെന്ന പേരിൽ പിന്നീട് ഇവരടക്കം 34 പേ‌ർ പെരുമ്പാവൂർ സബ്‌കോടതിയെ സമീപിച്ചു. ഹർജി കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി സബ്‌കോടതി തള്ളിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് വാദികൾ അർഹരാണെന്ന് വ്യക്തമാക്കിയ കോടതി,​സബ് കോടതി ഉത്തരവും റദ്ദാക്കി.