അടുത്ത തവണയും ഒളിമ്പിക്സ് മാതൃക പരിഗണനയിൽ : മുഖ്യമന്ത്രി

Monday 11 November 2024 10:41 PM IST

കൊച്ചി : അടുത്ത തവണ ഒളിമ്പിക്സ് മാതൃകയിലെ കായിക മേള നടത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക മേളയുടെ സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഇൻക്ലൂസീവ് സ്‌പോർട്സ് എന്ന ആശയത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കായികമായ കഴിവുകൾ മാറ്റുരയ്ക്കാനുള്ള വേദിയായി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിൽ സംഭാവന നൽകാൻ ഇത്തരം ഇടപെടലുകൾക്ക് കഴിയും.

പാരിതോഷികം വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ

കായികമേളയിൽ താരങ്ങളുടെ പാരിതോഷിക തുക വർദ്ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കായികമേളയിൽ നൽകി വരുന്ന ഗ്രേസ് മാർക്ക് സംബന്ധിച്ചും പുനർചിന്തനം നടത്തും. കായികാദ്ധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പുനൽകി. നടത്തിപ്പിലും സംഘാടനത്തിലും മേള വൻ വിജയമായി.

തിരു.മേയർ പതാക ഏറ്റുവാങ്ങി

അടുത്ത കായിക മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് തലസ്ഥാനമാണ്.അതിനുള്ള പതാക മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് സമാപന സമ്മേളനത്തിൽ വച്ച് കൈമാറി.