പതിനെട്ട് വർഷം മുമ്പ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടിക്ക് കബറടക്കം # ഏറ്റുവാങ്ങിയ മാതാവ് കോടതിയിൽ തളർന്നുവീണു

Tuesday 12 November 2024 4:04 AM IST

കാസർകോട്: പതിനെട്ട് വർഷം മുമ്പ് ആദൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പതിമൂന്നു വയസുള്ള മകളുടെ തലയോട്ടി അടങ്ങിയ കാർഡ്ബോർഡ് പെട്ടി കോടതിയിലെ തൊണ്ടിമുറിയിൽ നിന്ന് ഏറ്റുവാങ്ങിയ ആയിഷ നിലവിളിയോടെ തളർന്നുവീണു. കുട്ടിയുടെ പിതാവ് മൊയ്തുവും അമ്മാവൻ അൽത്താഫും വിങ്ങിപ്പൊട്ടി.


കരാറുകാരനായിരുന്ന കാസർകോട് മുളിയാർ മാസ്തിക്കുണ്ട് സ്വദേശി കെ.സി.ഹംസയുടെ വീട്ടിൽ ജോലിക്ക് നിന്നതായിരുന്നു കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തുവിന്റെയും ആയിഷയുടെയും മകൾ സഫിയ. കുട്ടിയെ ഹംസ ഗോവയിലെ സ്വന്തം ഫ്ളാറ്റിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വെട്ടിമുറിച്ച് അവിടെ പണി നടക്കുകയായിരുന്ന ഡാം സൈറ്റിൽ കുഴിച്ചിടുകയായിരുന്നു. തലയോട്ടിയും മറ്റും സിതാംഗോളി മുഹിമാത്തിൽ എത്തിച്ച്ശുദ്ധികർമ്മവും മയ്യത്ത് നിസ്ക്കാരവും നടത്തിയശേഷം കുടക് അയ്യങ്കേരി മൊഹ്‌‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ അങ്കണത്തിലേക്ക് കൊണ്ടുപോയി രാത്രി തന്നെ കബറടക്കി.

2006 ഡിസംബറിൽ ആയിരുന്നു കൊലപാതകം. 2008 ജൂൺ അഞ്ചിനാണ് തലയോട്ടിയും കുറച്ച് അസ്ഥിക്കഷ്ണങ്ങളും കണ്ടെടുത്തത്. അതാണ് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ സൂക്ഷിച്ചിരുന്നത്. വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും അപ്പീലിൽ ഹൈക്കോടതി ജീവപര്യന്തമാക്കി. അതിനുശേഷമാണ് മതാചാരപ്രകാരം അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ മാതാപിതാക്കൾ ജില്ലാകോടതിയിൽ ഹർജി നൽകിയത്.

കൊലപാതകമാണെന്ന് കണ്ടെത്തിയത് പ്രക്ഷോഭം നടത്തിയ ആക്ഷൻ കമ്മിറ്റിയുടെ സജീവമായ ഇടപെടലിലൂടെയാണ്. പ്രതി ഹംസയുടെ ഗോവയിലെ ബന്ധങ്ങൾ കണ്ടെത്തി ക്രൈംബ്രാഞ്ചിന് വിവരം നൽകിയതിലൂടെയാണ് അന്വേഷണം അവിടേക്ക് നീണ്ടതും പ്രതി പിടിയിലായതും.

തലയോട്ടി കേസിന്റെ ഭാഗമായി മാറിയതിനാൽ അന്തിമ വിധി വരാതെ വിട്ടുകൊടുക്കാൻ സാങ്കേതിക തടസം ഉണ്ടായിരുന്നു.

അഡ്വ.സി.ഷുക്കൂർ,​

(അന്നത്തെ ഗവ. പ്രോസിക്യൂട്ടർ )