പാലക്കാട്ട് സി.പി.എം മൂന്നാംസ്ഥാനത്താവും: വി.ഡി.സതീശൻ

Tuesday 12 November 2024 12:35 AM IST

കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സി.പി.എം മൂന്നാം സ്ഥാനത്ത് വരുമെന്നും അവിടെ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുഴൽപ്പണ ആരോപണത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നാണം കെട്ട് നിൽക്കുന്നതിനാലാണ് കോൺഗ്രസും കുഴൽപ്പണക്കാരാണെന്നു വരുത്തിത്തീർക്കാൻ മന്ത്രി എം.ബി. രാജേഷ് ശ്രമിച്ചത്. എം.ബി. രാജേഷ് ഫോണിൽ വിളിച്ചതു കൊണ്ടാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയാതെയും വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെയും അർദ്ധരാത്രിയിൽ മഹിളാകോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറിയിൽ പൊലീസ് റെയ്ഡിനെത്തിയത്. ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ ബാന്ധവം വ്യക്തമായിരിക്കുകയാണ്. തൃശൂരിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കരുവന്നൂരും എസ്.എഫ്.ഐ.ഒയുമൊക്കെ എവിടെ പോയി?

പാതിരാനാടകത്തിനും ട്രോളി നാടകത്തിനും ശേഷം എം.ബി. രാജേഷും അളിയനും അവതരിപ്പിക്കുന്ന മൂന്നാമത്തെ നാടകമാണ് സ്പിരിറ്റ് പിടിച്ചത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളുടേതായിരുന്നു സ്പിരിറ്റ്. സ്പിരിറ്റുമായി പിടിക്കപ്പെട്ടയാൾ കോൺഗ്രസുകാരനൊന്നുമല്ല. സ്ഥലം വാടകയ്ക്ക് എടുത്ത് കൊടുത്ത ആളെയാണ് അറസ്റ്റു ചെയ്തത്. സ്പിരിറ്റ് അവിടേക്ക് കൊണ്ടു വന്നത് സി.പി.എമ്മിന്റെ രണ്ടു ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മന്ത്രി എം.ബി. രാജേഷ് ഏത് നാടകം കൊണ്ടു വന്നാലും അത് സി.പി.എമ്മിനെ തന്നെ തിരിച്ചടിക്കുമെന്നും സതീശൻ പറഞ്ഞു.