അരവിന്ദും അമൃതലക്ഷ്മിയും ശിവഗിരിയിൽ വിവാഹിതരായി

Tuesday 12 November 2024 3:20 AM IST

ശിവഗിരി: ശ്രീശാരദാദേവി സന്നിധിയിൽ അരവിന്ദ് യു. ഉണ്ണിക്കൃഷ്ണനും അമൃതലക്ഷ്മിയും ഒന്നിച്ചതിലൂടെ രണ്ട് ഭവനരഹിതർക്ക് സ്വന്തം വീടെന്ന സ്വപ്നവും പൂവണിഞ്ഞു. എറണാകുളം പുത്തൻകാവിലെ എ.ഡി.ഉണ്ണിക്കൃഷ്ണനും ഡോ.എസ്.ആർ.സജീവും മക്കളുടെ വിവാഹച്ചെലവ് ചുരുക്കി രണ്ട് വിദ്യാർത്ഥികൾക്കായി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം വിവാഹവേദിയിൽ വച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിച്ചു.

ഇന്നലെ രാവിലെ 11.40നും 12.30നും മദ്ധ്യേനടന്ന അരവിന്ദിന്റെയും അമൃതലക്ഷ്മിയുടേയും വിവാഹത്തിന് സ്വാമി സച്ചിദാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ കാർമ്മികത്വം വഹിച്ചു. വിവാഹച്ചെലവ് ചുരുക്കി പത്തു ലക്ഷം രൂപാ വീതം ചെലവഴിച്ച് വൈക്കത്തിനടുത്ത് ചെമ്പിലും കാട്ടിക്കുന്നിലുമാണ് എറണാകുളം പൂത്തോട്ട കെ.പി.എം.എസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കായി വീടുകൾ നിർമ്മിച്ച് നൽകിയത്. ഇതുസംബന്ധിച്ച വാർത്ത കേരളകൗമുദി നവംബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു.

ഉണ്ണിക്കൃഷ്ണന്റെ ഭാര്യ എ.കെ.സിന്ധുവും സജീവിന്റെ ഭാര്യ ഒ.രജിതയും ഇതേ സ്കൂളിലെ അദ്ധ്യാപകരാണ്. സ്‌കൂളിലെ 1,600 കുട്ടികളിൽ നിന്നാണ് പി.ടി.എ രണ്ടുപേരെ തിരഞ്ഞെടുത്തത്. പൂത്തോട്ട 1103-ാം നമ്പർ എസ്.എൻ.ഡി.പി യോഗത്തിനു കീഴിലുള്ള ലാ കോളേജടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും ശാഖാ പ്രസിഡന്റുമാണ് ഉണ്ണിക്കൃഷ്ണൻ. കളമശേരി അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സ്‌കീം റിട്ട. പ്രിൻസിപ്പലാണ് ഡോ.സജീവ്. ബഹുരാഷ്ട്ര കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ഉണ്ണിക്കൃഷ്ണന്റെ മകൻ അരവിന്ദ്. ഫാക്ട് ഉദ്യോഗസ്ഥയാണ് അമൃതലക്ഷ്മി.

ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി വിരജാനന്ദഗിരി, കണയന്നൂർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കൺവീനർ അഭിലാഷ്, പൂത്തോട്ട ശാഖായോഗം വൈസ് പ്രസിഡന്റ് അനിലസാബു, സെക്രട്ടറി അരുൺകാന്ത്, അദ്ധ്യാപകർ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.