പ്രതിദിനം 1200 രൂപയിൽ കൂടുതൽ സമ്പാദിക്കാം; ബോസിനെ ഭയക്കാതെ ജോലി ചെയ്യാം, ജോലിക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാം
തൃശൂർ: ഡിജിറ്റൽ യുഗത്തിൽ ഫോണും വാഹനവുമുണ്ടെങ്കിൽ ആർക്കും ഗിഗ് (ഡിജിറ്റൽ മേഖല)തൊഴിലാളിയാകാം. തൊഴിലില്ലായ്മ വർദ്ധിക്കുന്ന സാഹചര്യത്തിൽ 2029- 30ൽ രാജ്യത്ത് ഇവരുടെ എണ്ണം 2.3 കോടിയായേക്കും. ഇപ്പോൾ 77 ലക്ഷത്തോളം പേരുണ്ട്. സംസ്ഥാനത്ത് യുവതികൾ ഉൾപ്പെടെ രണ്ട് ലക്ഷത്തോളം ഗിഗ് തൊഴിലാളികളുണ്ട്.
ഓർഡറനുസരിച്ച് ഭക്ഷണവുമായി പാഞ്ഞെത്തുന്ന ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യമില്ല. ഹോട്ടലുകൾക്കു മുമ്പിലോ റോഡ് വക്കിലോ കാത്തുനിൽക്കണം. ടോയ്‌ലെറ്റ് ഉപയോഗിക്കണമെങ്കിലും ഹോട്ടലുടമ കനിയണം. ഭക്ഷണം എത്തിക്കേണ്ട ദൂരത്തിനനുസരിച്ചാണ് പ്രതിഫലം. ഇന്ധനച്ചെലവ് സ്വയം വഹിക്കണം. പീക്ക് അവറുകളിൽ (ഉച്ചയ്ക്ക് 12 - 3 വൈകിട്ട് 6 - 9 ) നിശ്ചിത സമയത്ത് ഓർഡറുകളെത്തിച്ചാൽ ഇൻസെന്റീവുണ്ട്. പ്രതിദിനം 700 മുതൽ 1200 രൂപ വരെ ലഭിക്കാം. കൂടുതൽ സമ്പാദിക്കുന്നവരുമുണ്ട്.
ഗിഗ് തൊഴിലാളികൾക്ക് പ്രത്യേകം തൊഴിൽ നിയമമില്ല, ആരോഗ്യമുള്ളിടത്തോളം ജോലി ചെയ്യാമെന്നല്ലാതെ, തൊഴിൽ സുരക്ഷയുമില്ല. മുതലാളി തൊഴിലാളി ബന്ധമില്ല. അടിസ്ഥാന ശമ്പളം, പി.എഫ്, ഇ.എസ്.ഐ, ഓവർടൈം ആനുകൂല്യങ്ങളൊന്നുമില്ല. തൊഴിലാളികൾ സംഘടിതരുമല്ല. ഇവരുടെ ജോലിയിൽ വേഗത്തിന് പ്രാധാന്യം നൽകുന്നതിനാൽ അതിന്റേതായ സമ്മർദ്ദവുമുണ്ട്. അതിവേഗം സഞ്ചരിക്കേണ്ടതിനാൽ അപകടസാദ്ധ്യതയും ഏറെയാണ്. പ്രതിഫലവും ജോലി വ്യവസ്ഥകളും വ്യത്യസ്തമാണ്.
അതേസമയം, ബോസിനെ ഭയക്കാതെ സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാം. ജോലിക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാം. ബാക്കി സമയം മറ്റു ജോലികളാകാം എന്നതൊക്കെ ഗിഗ് തൊഴിലാളികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
ഗിഗ് തൊഴിലാളി ക്ഷേമത്തിന് നിയമമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കേരളം. 2021ൽ കർണാടക നിയമം പാസാക്കിയിരുന്നു. 2020ൽ ക്ഷേമനിധിയുണ്ടാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നു.
ഗിഗ് വർക്കർമാർ
സൊമാറ്റോ, സ്വിഗ്ഗി (ഭക്ഷണവിതരണം),
ഊബർ, ഓല (ഗതാഗതം),
ഫ്‌ളിപ്പ്കാർട്ട്, ആമസോൺ (ഡ്രസ്, വീട്ടുസാധനങ്ങളുടെ വിതരണം)
ശൈലി 2 രണ്ടാംഘട്ട സ്ക്രീനിംഗ് (ഡെക്ക്)
50ലക്ഷം പേരിൽ 1.10 ലക്ഷത്തിന് കാൻസർ സാദ്ധ്യത
തിരുവനന്തപുരം : ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്ക്രീനിംഗിന്റെ
ഭാഗമായി 50ലക്ഷം പേരിൽ പരിശോധന നടത്തിയപ്പോൾ 1,10,781 പേർക്ക് കാൻസർ സാദ്ധ്യത കണ്ടെത്തി. ഇവരെ തുടർചികിത്സയ്ക്കായി റഫർ ചെയ്തു. രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ശൈലി എന്ന പേരിൽ സ്ക്രീനിംഗ് നടത്തുന്നത്. ആദ്യഘട്ടം വിജയകരമായതോടെയാണ് രണ്ടാംഘട്ടത്തിലേക്ക് കടന്നത്. പരിശോധനയ്ക്ക് വിധേയരായവരിൽ 23,21,315 പേർക്ക് ജീവിതശൈലീ രോഗസാദ്ധ്യതയുള്ളതായി കണ്ടെത്തി. 1,45,867 പേരെ ടി.ബി പരിശോധനയ്ക്കായും 2,10,641 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫർ ചെയ്തു. 54,772 കിടപ്പ് രോഗികളെയും പരസഹായം ആവശ്യമുള്ള 85,551 പേരെയും 16,31,932വയോജനങ്ങളെയും സന്ദർശിച്ച് തുടർ സേവനങ്ങൾ നൽകുന്നുണ്ട്. നിലവിൽ രക്താതിമർദ്ദം മാത്രമുള്ള 6,53,541പേരുടെയും പ്രമേഹം മാത്രമുള്ള 4,31,448 പേരുടെയും ഇവ രണ്ടുമുള്ള 2,71,144പേരുടെയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തി.
മറ്റു രോഗസാദ്ധ്യത
കുഷ്ഠരോഗ സാദ്ധ്യതയുള്ളവർ........................1,45,622
കാഴ്ചക്കുറവുള്ളവർ............................................15,94,587
കേൾവിക്കുറവുള്ളവർ.......................................2,29,936
മാനസികാരോഗ്യ പ്രശ്നമുള്ളവർ.....................71,759
ആരോഗ്യപ്രശ്നമുള്ള വയോജനങ്ങൾ........... 1,24,138
ശൈലി 1ന്റെ ഭാഗമായി 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്ക്രീനിംഗ് പൂർത്തിയാക്കി രോഗസാദ്ധ്യത കണ്ടെത്തിയവർക്ക് തുടർചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്.
-വീണാ ജോർജ്
ആരോഗ്യമന്ത്രി
വീട്ടിലെത്തി പരിശോധന
ഇ ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്ക്രീനിംഗ് നടത്തുന്നത്. രോഗസാദ്ധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിർണയം നടത്തി തുടർചികിത്സ ഉറപ്പാക്കും. ജീവിതശൈലീ രോഗങ്ങൾ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ നിയന്ത്രിക്കാൻ സാധിക്കും.