മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ

Tuesday 12 November 2024 2:38 PM IST

ന്യൂഡൽഹി: മാസപ്പടി കേസിൽ രേഖകൾ കെെമാറാനാകില്ലെന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ). നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും കേസ് നീണ്ടുപോകരുതെന്നും സിഎംആർഎൽ ഡൽഹി ഹെെക്കോടതിയോട് ആവശ്യപ്പെട്ടു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിദേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ഡിസംബർ നാലിനാണ് അന്തിമ വാദം. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എസ്എഫ്ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു.

കേന്ദ്ര ആവശ്യപ്രകാരമാണ് വീണ വിജയന്റെ എക്സാലോജിക് - സിഎംആർഎൽ ഇടപാട് കേസ് ഡിസംബർ നാലിലേക്ക് മാറ്റിയത്. അടുത്ത തവണ ലിസ്റ്റിൽ ആദ്യത്തെ പത്ത് കേസുകളിൽ ഒന്നായി പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷ ഉൾപ്പടെ അന്ന് പരിഗണിക്കും.

സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.