'രണ്ടാഴ്ചയായി ഞങ്ങൾ പ്രണയത്തിൽ', കെട്ടിപ്പിടിക്കുന്നത് മുതൽ ഉറക്കം വരെ മരത്തിനൊപ്പം; ദൃശ്യങ്ങൾ പങ്കുവച്ച് ഇൻഫ്ലുവൻസർ

Tuesday 12 November 2024 4:41 PM IST

തവളയേയും നായയുമൊക്കെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത നിരവധി പേരുടെ കഥകൾ സോഷ്യൽ മീഡിയയിിൽ വൈറലായി. ജാതക പ്രശ്നം മൂലം വാഴയെ വിവാഹം കഴിക്കുന്നവരും ഉണ്ടാകും. വൃക്ഷത്തിനൊപ്പം ഡേറ്റിംഗിന് പോകുന്ന വ്യക്തികളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?


ഡിന്നറിനായി റസ്റ്റോറന്റിൽ പോയി, കാമുകന്റെ സ്ഥാനത്ത് ഒരു മരത്തെ നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ? അത്തരത്തിൽ ഒരു വൃക്ഷവുമായി ഡേറ്റിംഗ് നടത്തുകയും തന്റെ അനുഭവം വീഡിയോയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു ഇൻഫ്ളുവൻസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.


തന്റെ യൂട്യൂബ് ചാനലിലൂടെയാണ് യുവതി മരത്തിനൊപ്പമുള്ള ഡേറ്റിംഗ് അനുഭവം പങ്കുവച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് അവർ പറയുന്നു. മരത്തെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതും വാത്സല്യത്തോടെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിലുണ്ട്. "ഇരുവരും" ഒരുമിച്ചുള്ള സമയം പങ്കിട്ടുകൊണ്ടാണ് ഡേറ്റിംഗിലാണെന്ന് യുവതി വെളിപ്പെടുത്തിയത്.

മരത്തെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതിനൊപ്പം തന്റെ കാമുകനോടൊപ്പം നീണ്ട യാത്രകളും നടത്തി. മരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം സംയോജിപ്പിച്ചിട്ടുണ്ടെന്ന് യുവതി അവകാശപ്പെടുന്നു. 'ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൃക്ഷത്തിന്റെ ഇലകളിൽ നിന്നുള്ള പ്രകമ്പനങ്ങൾ തിരിച്ചറിയും. ഇതുവഴി മരത്തിന് സംസാരിക്കാനുള്ളത് തനിക്ക് മനസിലാകും.'- എന്നാണ് യുവതിയുടെ അവകാശവാദം. വൈറൽ വീഡിയോയ്ക്ക് വിമർശനങ്ങളും പരിഹാസങ്ങളുമൊക്കെയാണ് വന്നുകൊണ്ടിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് യുവതി ഇങ്ങനെ ചെയ്യുന്നതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.