ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു, പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Tuesday 12 November 2024 7:44 PM IST

കല്പറ്റ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ആരാധനാലയങ്ങളും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടി എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺഗ്രസ് പ്രചാരണം നടത്തുന്നത്.

നവംബർ പത്തിന് പള്ളിക്കുന്ന് ദേവാലയത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിദ്ധ്യത്തിൽ പ്രാർത്ഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്ന് പരാതിയിൽ പറയുന്നു.

ടി. സിദ്ദിഖ് എം.എൽ.എ,​ വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിൽ എത്തിയത്. ആരാധനാലയത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു. നിയമത്തിന്റെ നഗ്നമായ ലംഘനമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.