70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ, മാർഗ രേഖയ്ക്കായി കാത്ത് സംസ്ഥാനം കേന്ദ്രത്തിന് കത്തു നൽകി

Wednesday 13 November 2024 12:00 AM IST

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കാനായില്ല. മാർഗരേഖയ്ക്കായി ദേശീയ ആരോഗ്യ അതോറിറ്റിക്ക് അരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡേ ഒന്നിലധികം തവണ കത്ത് നൽകിയിരുന്നു. ലഭിച്ചാലുടൻ പദ്ധതി തുടങ്ങാനാവുമെന്ന നിലപാടിലാണ് സർക്കാർ.

പദ്ധതിയുടെ 60ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കാമെന്നാണ് ധാരണ. എന്നാൽ, തുക എത്രയെന്നും ഇതുവരെ അറിയിച്ചിട്ടില്ല. നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയെ കേരളത്തിൽ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുമായി (കാസ്‌‌പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്. സമാന രീതിയിലാകും 70 വയസു കഴിഞ്ഞവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയും നടപ്പാക്കുക. കാസ്പിൽ 202 സർക്കാർ ആശുപത്രികളും 386 സ്വകാര്യ ആശുപത്രികളുമുണ്ട്.

മാർഗരേഖ വന്നതിനുശേഷം സംസ്ഥാനത്ത് ഇതിന്റെ രജിസ്‌ട്രേഷൻ തുടങ്ങിയാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് വഴി നിലവിൽ ആളുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.

ഒഡിഷ ഉടൻ നടപ്പാക്കും

ന്യൂഡൽഹി: കേന്ദ്രം 2018ൽ കൊണ്ടുവന്ന ആയുഷ്‌മാൻ ഭാരത് പദ്ധതി ഒഡീഷ സർക്കാർ ഉടൻ നടപ്പാക്കും. സംസ്ഥാന പദ്ധതിയാണ് മികച്ചതെന്ന് കാട്ടി നേരത്തെ നവീൻ പട്നായിക് സർക്കാർ ഇത് നടപ്പാക്കാൻ വിസമ്മതിച്ചിരുന്നു. അതേസമയം, ഡൽഹിയിലും ബംഗാളിലും പദ്ധതി നടപ്പാക്കാത്തതിനെ ചൊല്ലി ഭരണ, പ്രതിപക്ഷങ്ങൾ തമ്മിൽ വാക്പോരിലാണ്. ഇവിടങ്ങളിൽ പദ്ധതി നടപ്പാക്കാത്തതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വിമർശിച്ചിരുന്നു. ഡൽഹിയിൽ സൗജന്യ ചികിത്സ സർക്കാർ ഉറപ്പാക്കിയിട്ടുള്ള സാഹചര്യത്തിൽ കേന്ദ്രപദ്ധതി നടപ്പാക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്. കേന്ദ്ര പദ്ധതിയെക്കാൾ മികച്ച പദ്ധതിയാണ് ബംഗാളിലെ സ്വാസ്ഥ്യ സതിയെന്ന് തൃണമൂ‌ൽ കോൺഗ്രസും പറയുന്നു.