'വള്ളത്തിന്റെ അമരത്തില്ലെങ്കിലും കമ്പനിയുടെ യാത്രയിൽ കൂടെയുണ്ടാവും'; ജീവനക്കാർക്ക് നന്ദി പറഞ്ഞ് എൻ പ്രശാന്ത്

Wednesday 13 November 2024 12:51 PM IST

തിരുവനന്തപുരം: വള്ളത്തിന്റെ അമരത്തില്ലെങ്കിലും കേരളാ അഗ്രോ മെഷിനറി കോർപ്പറേഷന്റെ (കാംകോ) യാത്രയിൽ കൂടെ കാണുമെന്ന് എൻ പ്രശാന്ത്. വിവാദങ്ങളിൽ ഒപ്പം നിന്നതിന് കാംകോ ജീവനക്കാർക്കുള്ള നന്ദിയും പ്രശാന്ത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. താൻ ഇനി എംഡി അല്ലെങ്കിലും തുടങ്ങിവച്ച ഓരോന്നും ഫലപ്രാപ്‌തിയിൽ എത്തിക്കണം. രണ്ട് മാസത്തേക്കാണെങ്കിലും ഈ ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും എൻ പ്രശാന്ത് കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കാംകോ മാനേജിംഗ്‌ ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട്‌ രണ്ട്‌ മാസമേ ആയുള്ളൂ. ഇത്രയും സ്നേഹവും ആത്മാർത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത്‌, രണ്ട്‌ മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം. മിനിസ്റ്ററും, ചെയർമാനും ബോർഡ്‌ അംഗങ്ങളും ജീവനക്കാരും ഏക മനസോടെ ഒരു സ്ഥാപനത്തെ നഷ്ടത്തിൽ നിന്ന് കരകയറ്റി ലോകോത്തര സ്ഥാപനമാക്കാൻ ഉറപ്പിച്ചാൽ അത്‌ നടന്നിരിക്കും.

കാംകോ ജീവനക്കാരോട്‌ ഒന്നേ പറയാനുള്ളൂ- ഞാൻ നിങ്ങളുടെ എംഡി അല്ലെങ്കിലും നമ്മൾ തുടങ്ങി വച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം. ഈ ഘട്ടത്തിൽ സത്യത്തിന്‌ വേണ്ടി നിലകൊള്ളാൻ തീരുമാനിച്ച സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകൾ, ഓഫീസേഴ്‌സ്‌ അസോസിയേഷനുകൾ ഏവർക്കും നന്ദി. നിങ്ങൾ കാര്യങ്ങൾ മുന്നോട്ട്‌ കൊണ്ട്‌ പോകണം. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്‌ക്കാണെങ്കിലും ‌നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണും.