'അവസ്ഥ  മനസിലാക്കി  എല്ലാവരെയും  പ്രതിനിധീകരിക്കാൻ  ഒരാൾ  വേണം'; വോട്ട്  ചെയ്യാനെത്തി ശ്രുതി

Wednesday 13 November 2024 5:09 PM IST

വയനാട്: ചൂരൽമല, മുണ്ടക്കെെ ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും നഷ്ടപ്പെട്ട ശ്രുതിയും വോട്ട് ചെയ്യാനെത്തി. കുടുംബത്തെ നഷ്ടമായപ്പോൾ ശ്രുതിക്ക് കൂട്ടായി നിന്നത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. എന്നാൽ വാഹനാപകടത്തെ തുടർന്ന് ജെൻസണും ശ്രുതിയെ വിട്ടുപോയി. അപകടത്തിൽ പരിക്കേറ്റ ശ്രുതി ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ്.

ഇതിനിടെയാണ് ഇന്ന് വോട്ട് ചെയ്യാൻ എത്തിയത്. സെന്റ് സെബാസ്റ്റ്യൻ ചർച്ചിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലെ അട്ടമല ബൂത്തിലാണ് ശ്രുതി വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് ശ്രുതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്നും ശ്രുതി വ്യക്തമാക്കി. 'ഒരുപാട് പേർ ഒപ്പം നിന്നിട്ടുണ്ട്. അവസ്ഥ മനസിലാക്കി എല്ലാവരെയും പ്രതിനിധീകരിക്കാൻ ഒരാൾ വേണം. എന്നതിനാലാണ് വോട്ട് ചെയ്യാൻ വന്നത്. എല്ലാവരെയും കാണാമല്ലോ എന്ന് വിചാരിച്ചു. എല്ലാവരെയും കണ്ടതിൽ സന്തോഷം',- ശ്രുതി പറഞ്ഞു.