2018ലെ പ്രളയത്തിന് ശേഷമുണ്ടായ അവസ്ഥ, അവസരം മുതലാക്കാൻ മാഫിയാ സംഘങ്ങൾ വ്യാപകം

Thursday 14 November 2024 12:16 AM IST

ആലങ്ങാട്: ആലുവ നഗരസഭയിലെ മംഗലപ്പുഴ മുതൽ കരുമാല്ലൂർ പഞ്ചായത്തിലെ മാട്ടുപുറം വരെയുള്ള പെരിയാറിന്റെ ഇരുകരകളിലുമായി വൻ മണൽ കടത്ത്. മണൽ വാരുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും കാര്യക്ഷമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. തെക്കൻ ജില്ലകളിലേക്കാണ് വാരിക്കൂട്ടുന്ന ലോഡ് കണക്കിന് മണൽ കയറ്റി പോകുന്നതെന്ന് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം തന്നെ സമ്മതിക്കുന്നു. പ്രളയത്തിന് ശേഷം വൻതോതിൽ മണലും പൂഴിയും പെരിയാറിന്റെ തീരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതാണ് മണൽവാരൽ മാഫിയാ സംഘങ്ങൾ വ്യാപകമാകാൻ കാരണം.

രാത്രി 12 മുതൽ പുലർച്ചെ 4 വരെയുള്ള സമയങ്ങളിലാണ് മണൽ വാരലും കടത്തും. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് സംവിധാനങ്ങൾ ഇല്ലാത്തത് മണൽ കടത്ത് സംഘങ്ങൾക്ക് കൂടുതൽ സഹായകമാകുന്നുണ്ട്. മണൽ മാഫിയയുടെ പ്രവർത്തനം വ്യാപകമാകുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവനും ഭീഷണിയാണ്. മണൽ വാരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും മണൽ മാഫിയയ്ക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും സഹായമുണ്ടെന്നും ആക്ഷേപമുണ്ട്. പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളൊന്നും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ആക്ഷേപം ശക്തമായതോടെ കഴിഞ്ഞ ദിവസം സമീപ പ്രദേശമായ ഉളിയന്നൂർ, ചന്തക്കടവ്, കുഞ്ഞുണ്ണിക്കര എന്നീ കടവുകളിൽ പൊലീസ് പരിശോധന നടത്തി രണ്ട് ലോഡ് മണൽ പിടികൂടിയിരുന്നു.


മണൽക്കടത്തിന് പിറകിൽ വലിയൊരു മാഫിയാ സംഘംപ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റവന്യൂ പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കർശന നടപടികൾക്ക് പഞ്ചായത്ത് നേതൃത്വം നൽകും

ശ്രീലത ലാലു,പ്രസിഡന്റ്

ഗ്രാമ പഞ്ചായത്ത്, കരുമാല്ലൂർ