സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങൾക്ക് പിറകിൽ മന്ത്രി എം.ബി രാജേഷും അളിയനും; വി.ഡി സതീശൻ
കൊച്ചി: പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ വ്യാജമായി വോട്ട് ചേർത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സരിൻ തൃശൂർക്കാരനാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് വന്ന് പേര് ചേർത്താതാണെന്നും സതീശൻ ആരോപിച്ചു. സരിൻ തിരുവല്വാമലക്കാരനാണ്. ചേലക്കരയാണ് നിയോജക മണ്ഡലം. ഒറ്റപ്പാലത്ത് മത്സരിച്ചപ്പോൾ അവിടെ വോട്ട് ചേർത്തു, ഇപ്പോൾ ഇവിടെയും. ഇലക്ഷന് ശേഷം ചലഞ്ച് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങൾക്ക് പിറകിലുള്ളത് മന്ത്രി എം.ബി രാജേഷും അളിയനുമാണ്. നാടകങ്ങൾക്കെല്ലാം കാരണം ഇവർ മൂന്ന് പേരുമാണെന്നും സതീശൻ വ്യക്തമാക്കി.
പിണറായി വിജയൻ കഴിഞ്ഞാൽ സിപിഎമ്മിൽ ഏറ്റവും മുതിർന്ന നേതാവ് ഇ.പി ജയരാജനാണ്. ആ ജയരാജനെ സിപിഎം വീണ്ടും അപമാനിക്കുകയാണ്. ആത്മകഥയിലെ കാര്യങ്ങൾ പുറത്തുകൊണ്ടുവന്നത് പാർട്ടിയിലെ ഇ.പിയുടെ ശത്രുക്കളാണോ മിത്രങ്ങളാണോ എന്ന് അന്വേഷിക്കണം.
നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി.പി ദിവ്യ ഇടപെട്ട പെട്രോൾ പമ്പ് ഒരു സിപിഎം നേതാവിന്റെതാണ്. ദിവ്യ പാർട്ടിയുമായി ഇടയാതിരിക്കാനാണ് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ ശ്യാമള ഗോവിന്ദൻ തന്നെ ജയിലിൽ സ്വീകരിക്കാൻ പോയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനോട് വിശദീകരണം ചോദിക്കില്ലെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചു. ജയരാജൻ പാലക്കാട് പ്രചരണത്തിനെത്തുമെന്നും അപ്പോൾ കൂടുതൽ കാര്യങ്ങൾ വിശദമാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞു.