ഇപി ജയരാജന്റെ ആത്മകഥാ വിവാദം; ഡിസി ബുക്‌സ് ഫെസിലിറ്റേറ്റർ മാത്രമെന്ന് രവി ഡിസി

Thursday 14 November 2024 6:35 PM IST

ഷാർജ: ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് ഡിസി ബുക്‌സ് ഉടമ രവി ഡി സി. പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ഡിസി ബുക്സ് ഫെസിലിറ്റേറ്റർ മാത്രമാണെന്നും രവി ഡിസി പറഞ്ഞു. പുസ്തക വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പ്രതികരിക്കുകയായിരുന്നു രവി ഡിസി. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇപി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ടുള്ള ഡിസി ബുക്സിന്റെ നിലപാട് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയതാണ്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുണ്ട്',​- രവി വ്യക്തമാക്കി. കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നതായും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നുമായിരുന്നു ഡിസി ബുക്ക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്.

അതേസമയം, ആത്മകഥാ വിവാദത്തിൽ ഇന്നലെ ഉയർത്തിയ വാദം ആവർത്തിച്ച് ഇപി ജയരാജൻ. തന്റെ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുതിത്തീരാതെ അതെങ്ങനെ പ്രസിദ്ധീകരിക്കും. ഒരാൾക്കും പ്രസിദ്ധീകരണാവകാശം നൽകിയിട്ടില്ലെന്നും പാലക്കാട്ട് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഇപി ജയരാജന്റെ വാക്കുകൾ

'ആത്മകഥ ഒരാൾക്കും പ്രസിദ്ധീകരിക്കാൻ അവകാശം നൽകിയിട്ടില്ല. ഡിസി ബുക്സുമായി ഒരു കരാറുമില്ല. ആത്മകഥ എഴുതുന്നത് സ്വന്തമായാണ്. അല്ലാതെ കൂലിക്ക് എഴുതിപ്പിക്കുന്ന രീതിയില്ല. ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കും. ആത്മകഥയുടേത് എന്നുപറഞ്ഞ് ചില ഭാഗങ്ങൾ പുറത്തുവന്നത് നിസാരമായി കാണുന്നില്ല. വഴിവിട്ടചിലത് നടന്നിട്ടുണ്ട്. അത് അന്വേഷിക്കണം.ഒന്നും നിസാരമായി കാണുന്നില്ല. പിന്നിലുള്ളത് വൃത്തികെട്ട രാഷ്ട്രീയമാണ്. പോളിംഗ് ദിനത്തിലെ വിവാദം ആസൂത്രിതമാണ്. മാദ്ധ്യമങ്ങളിൽ വന്നതൊന്നും ഞാൻ എഴുതിയതല്ല. സമൂഹ മാദ്ധ്യമങ്ങളിലെ ടാഗിന് ഞാൻ ഉത്തരവാദിയല്ല. ഞാൻ എഴുത്തിയത് കറക്ട് ചെയ്യാൻ കൊടുത്ത ആളോടും ഭാഗങ്ങൾ പുറത്തുപോയോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനസേവനത്തിനായി ജോലി പോലും രാജിവച്ച ഉത്തമനായ ചെറുപ്പക്കാരനാണ് സരിൻ. പാലക്കാട് ജനതയ്ക്ക് ചേർന്ന മികച്ച സ്ഥാനാർത്ഥി. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാർത്ഥിത്വം.സരിൻ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റേത് ഇടതുപക്ഷ മനസായിരുന്നു. കൃഷിക്കാരോടും തൊഴിലാളികളുടേയും ഒപ്പമായിരുന്നു എന്നും സരിൻ. അദ്ദേഹത്തിന് കോൺഗ്രസിൽനിന്ന് സത്യസന്ധതയും നീതിയും ലഭിക്കുന്നില്ലെന്ന് ബോദ്ധ്യമായി. കോൺഗ്രസ് വർഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്. വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നു. പാലക്കാട്ട് സരിൻ ജയിക്കും'.