പ്രജിതയ്ക്കും കുഞ്ഞിനും ഇത് രണ്ടാം ജന്മം

Thursday 15 August 2019 12:17 AM IST

കല്പറ്റ : മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയപ്പോൾ എല്ലാം കഴിഞ്ഞുവെന്നുതന്നെ തോന്നിയതാണ്. കൈക്കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ചതേ ഓർമ്മയുള്ളൂ. എങ്ങനെ ആ കുത്തൊഴുക്കിൽ നിന്നു രക്ഷപ്പെട്ടുവെന്ന് ഇപ്പോഴുമറിയില്ല. ഒരുതരത്തിൽ രണ്ടാംജന്മം തന്നെ...

പുത്തുമലയിലെ ഉരുൾപൊട്ടലിന്റെ ഒഴുക്കിൽ അകപ്പെട്ടതിന്റെ നിമിഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ പ്രജിതയ്‌ക്ക് നടുക്കം മാറുന്നില്ല. പുത്തുമലയോടു ചേർന്ന പച്ചക്കാട് പാടിയിൽ നിന്ന് അച്ഛനാണ് ആദ്യം മൂത്ത കുട്ടിയെയും കൊണ്ട് പുറത്തേക്ക് ഒാടിയത്. ഞാൻ പാടിയ്‌ക്ക് പുറത്തായിരുന്നു. മലയിൽ നിന്ന് വല്ലാത്ത ഒച്ച കേട്ടതും രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ടു ഞാനും പിറകെ ഒാടി. അതിനിടയിൽ കുത്തൊഴുക്ക് ഞങ്ങളെ വാരിയെടുത്തിരുന്നു. പ്രാണൻ പോയെന്നു തന്നെ കരുതി. കണ്ണുചിമ്മി തുറന്നപ്പോഴേക്കും കരയിലേക്ക് എടുത്തെറിഞ്ഞ പോലെയാണ് തോന്നിയത്. മേലാകെ ചെളി. ആളുകൾ നിലവിളിച്ച് ജീവനും കൊണ്ട് പരക്കം പായുന്നു. അതിനിടയ്‌ക്ക് ആരോ വന്ന് കുഞ്ഞിനെ വാരിയെടുത്തു; കമ്പളക്കാടുളള ബന്ധുവീട്ടിലിരുന്ന് പ്രജിത നിറകണ്ണുകളോടെയാണ് ആ ഭയാനകനിമിഷങ്ങൾ ഓർത്തെടുക്കുന്നത്.

പച്ചക്കാട്ടെ പാടിയൊക്കെ പൂർണമായും ഒലിച്ചുപോയി. അമ്മയുടെ തറവാട് ഇവിടെയാണ്. അച്ഛൻ ബാലനും അമ്മ യശോദയും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ചുണ്ടേൽ സ്വദേശി വിനീഷാണ് പ്രജിതയുടെ ഭർത്താവ്.