അന്താരാഷ്ട്ര ചലച്ചിത്രമേള ; രണ്ട് ചിത്രങ്ങളിലൂടെ തിളങ്ങാൻ കൃഷ്ണൻനായർ

Friday 15 November 2024 12:00 AM IST

തിരുവനന്തപുരം: ഡിസംബറിൽ തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ താൻ അഭിനയിച്ച രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് നാടക നടൻ കൂടിയായ കൃഷ്ണൻ നായർ. മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത 'അപ്പുറം' എന്ന സിനിമയിലും മലയാളം സിനിമാ ടുഡേ വിഭാഗത്തിലുള്ള ബാബുസേനൻ ബ്രദേഴ്സിന്റെ 'ദി ലുക്കിംഗ് ഗ്ലാസ്' (മുഖക്കണ്ണാടി) എന്ന ചിത്രത്തിലും.

'അപ്പുറം' സിനിമയിൽ നടൻ ജഗദീഷിന്റെ ഭാര്യയുടെ അച്ഛനായാണ് വേഷമിട്ടത്. ദി ലുക്കിംഗ് ഗ്ലാസിൽ' സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞ വ്യക്തിയുടെ വേഷവും. മത്സര വിഭാഗത്തിൽ മലയാളത്തിലെ രണ്ട് ചിത്രങ്ങളിലൊന്നാണ് 'അപ്പുറം'. ഫാസിൽ മുഹമ്മദിന്റെ 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രമാണ് മറ്റൊന്ന്. ബാലരാമപുരം അതിയന്നൂർ സ്വദേശിയാണ് 65കാരനായ കൃഷ്ണൻനായർ. റസൽപുരം യു.പി സ്കൂളിൽ മലയാളം അദ്ധ്യാപകനായിരുന്നു. 2016ലാണ് വിരമിച്ചത്. നന്മ, അസുരവിത്ത്, കോൾഡ്കേസ്, റോസാപ്പൂ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ആശ്രയമായി

ഏകാംഗ നാടകം

നാടകങ്ങളിൽ അവസരം കുറ‌ഞ്ഞതോടെ ജീവിതം വഴിമുട്ടിയപ്പോൾ സ്വന്തമായി എഴുതി, സംവിധാനം ചെയ്ത് അഭിനയിച്ച ഏകാംഗ നാടകങ്ങൾ അരങ്ങിലെത്തിച്ചു. നാടകത്തിനൊപ്പം കുട്ടികൾക്ക് ട്യൂഷനെടുത്തുമൊക്കെയായിരുന്നു ആദ്യകാലത്ത് ജീവിതം. കിട്ടുന്ന പണം നാടകത്തിനായി ചെലവാക്കി. പിന്നീടാണ് സ്കൂൾ അദ്ധ്യാപകനായത്. അതിനിടെ മൂത്തമകൾ പ്രിയയുടെ ചികിത്സയ്ക്കായി വേദികളിൽ നിന്ന് ഏഴുവർഷത്തോളം വിട്ടുനിന്നു. 2001ൽ സൂര്യാകൃഷ്ണമൂർത്തിയുടെ ഗണേശം സൂര്യ നാടകക്കളരിയിലൂടെ തിരിച്ചുവരവ്. ഭാര്യ: ലതാകുമാരി. ഇളയമകൻ ഹരികൃഷ്ണൻ. മരുമകൾ: അനുലക്ഷ്മി.

Advertisement
Advertisement