അസാദ്ധ്യമായി ഒന്നുമില്ലെന്ന് കേരളജനത മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചു: സ്വാതന്ത്ര്യദിന സന്ദേശം നൽകി മുഖ്യമന്ത്രി

Thursday 15 August 2019 9:51 AM IST

തിരുവനന്തപുരം: അസാദ്ധ്യമായി ഒന്നുമില്ലെന്ന് കേരളജനത മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർഭയമായ മനസും സമുന്നതമായ ശിരസമുള്ള ഒരു ജനതക്കായി നമുക്ക് തന്ന നമ്മളെ അർപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മഴക്കെടുതികളിൽ നിന്നും നമ്മൾ കരകയറുമെന്നും അതിജീവനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 73ാമത് സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എന്ത് ദുരന്തമുണ്ടായാലും നമ്മൾ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം. സ്വാതന്ത്ര്യം ജാതി മത-വംശ-ഉപദേശീയ-സംസ്കാര-ഭാഷ തുടങ്ങിയ ഭേദങ്ങൾക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യക്കാരിൽ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നൽകുന്ന സന്ദേശം. ഈ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അപാകതകൾ ഉണ്ടായെങ്കിൽ തിരുത്താൻ ശ്രമിക്കേണ്ടതുണ്ട്,"- മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷത ദുർബലപ്പെടുന്നുവെന്നും സോഷ്യലിസ്റ്റ് സങ്കൽപത്തോട് നമ്മൾ അടുക്കുകയാണോ അകലുകയാണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈവിദ്ധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനംകൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഉണ്ടായാൽ, ഇതിനെ ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.