കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, ബാക്കിയുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കി രക്ഷാപ്രവർത്തകർ
മലപ്പുറം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ 31 മൃതദേഹങ്ങളാണ് കവളപ്പാറയിലെ ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ ഇവിടെനിന്ന് ഏഴു മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
ഔദ്യോഗിക കണക്ക് പ്രകാരം കവളപ്പാറയിൽ നിന്ന് ആകെ 59 പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കവളപ്പാറ മുത്തൻകുന്നിടിഞ്ഞ് ഉരുൾപൊട്ടലുണ്ടായത്. കവളപ്പാറ തോടിന് സമീപം താമസിച്ചവരാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് കനത്ത കാലവർഷവും കോടമഞ്ഞും തുടരുന്നതിനാൽ തെരച്ചിൽ ദുഷ്‌കരമാണ്.
മണ്ണ്മാന്തി ഉൾപ്പെടെയുള്ള യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ നടക്കുന്നത്. അവശിഷ്ടങ്ങൾക്കടിയിൽ ശാസ്ത്രീയ പരിശോധന നടത്തി ആളുകളെ കണ്ടെത്താൻ ആലോചിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയിൽ അത് പ്രായോഗികമായില്ല. പുറത്തെടുത്ത മൃതദേഹങ്ങളിൽ മിക്കതും അഴുകിത്തുടങ്ങിയിരുന്നു. തിരിച്ചറിയാൻ കഴിയാത്തതിന് ഒരു കാരണം ഇതാണ്.