വയനാടിന് അമ്പതിനായിരം കിലോ അരിയും ഭക്ഷ്യസാധനങ്ങളും എത്തിച്ച് രാഹുൽ ഗാന്ധി

Thursday 15 August 2019 6:03 PM IST

വയനാട് കനത്തമഴയും ഉരുൾപൊട്ടലും ദുരിതം വിതച്ച വയനാടിന് രാഹുൽ ഗാന്ധിയുെ സഹായം എം.പി ഓഫീസ് മുഖേന എത്തിച്ചു. അമ്പതിനായിരം കിലോ അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തരവസ്തുക്കളുമാണ് ജില്ലയിൽ വിതരണത്തിനെത്തിച്ചത്.

ദുരന്തബാധിത പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി നേരത്തെ സന്ദർശനം നടത്തിയിരുന്നു. വിവിധ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് ടൺകണക്കിന് വസ്തുക്കൾ കേരളത്തിലേക്കെത്തിയത്. ആദ്യഘട്ടത്തിൽ പുതപ്പ്, പായ തുടങ്ങിയ അത്യവശ്യ വസ്തുക്കൾ ലഭ്യമാക്കിയിരുന്നു.

രണ്ടാം ഘട്ടത്തിൽ പതിനായിരം കുടുംബങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങളും. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോൺഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു.

മൂന്നാം ഘട്ടത്തിൽ ക്ലീനിംഗ് സാധനങ്ങൾ വിതരണം ചെയ്യും. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ബാത്ത്റൂം, ഫ്ലോർ ക്ലീനിംഗ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും.ഈ മാസം അവസാനം രാഹുൽ ഗാന്ധി വീണ്ടും മണ്ഡലം സന്ദർശിക്കുമെന്നും അദ്ദേഹത്തിന്റെ ഒാഫീസ് അറിയിച്ചു.