എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
മുളന്തുരുത്തി: പെരുമ്പിള്ളി മൂലെക്കുരിശിന് സമീപം വാടകവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പെരുമ്പിള്ളി മൂലപ്പിള്ളി ചിറക്കൽ അനിയാണ് (47) പൊള്ളലേറ്റ് മരിച്ചത്. മുളന്തുരുത്തിയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് അനി. ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് അപകടം. ഐക്കരവേലിൽ മത്തായി വാടകയ്ക്ക് നൽകിയ രണ്ടുനില വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു അനി താമസിച്ചിരുന്നത്.
അനിയുടെ വീട്ടിൽ നിന്ന് പടർന്ന തീയിൽ താഴത്തെ വീട്ടിലെ ഗ്യാസും പൊട്ടിത്തെറിച്ചെങ്കിലും ആ സമയം ആ വീട്ടിൽ ആളുകളില്ലാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നതറിഞ്ഞ മുളന്തുരുത്തി ഫയർഫോഴ്സും സംഘവും സ്ഥലത്തെത്തി തീ അണച്ച് അനിയെ പുറത്തെടുത്തുവെങ്കിലും പൂർണ്ണമായും പൊള്ളലേറ്റ് അനി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ തീ പൂർണ്ണമായും അണച്ചുവെങ്കിലും കെട്ടിടം പൂർണമായും നശിച്ച നിലയിലാണ്.