അബ്‌ദുൾ റഹീമിന് ഉടൻ പുറത്തിറങ്ങാനാകില്ല; ജയിൽ മോചനം വൈകും, കേസ് രണ്ടാഴ്‌ചയ്‌ക്ക് ശേഷം പരിഗണിക്കും

Sunday 17 November 2024 2:23 PM IST

റിയാദ് : സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൾ റഹീമിന്റെ മോചനം നീളും. മോചന ഹർജിയിൽ സൗദി കോടതി ഇന്നും വിധി പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ പതിനെട്ട് വർഷമായി റഹീം ജയിലിലാണ്.

മകനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുകയാണ് വേണ്ടതെന്ന് അബ്‌ദുൾ റഹീമിന്റെ മാതാവ് ഫാത്തിമ പ്രതികരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഫാത്തിമ സൗദിയിൽ പോയിരുന്നു. മകനെ ജയിലിൽ വച്ച് കാണുകയും ചെയ്‌തിരുന്നു.

സ്‌പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ കൊല്ലപ്പെട്ട കേസിൽ 2006 ലാണ് വധശിക്ഷ വിധിക്കപ്പെട്ട് അബ്‌ദുൾ റഹീം ജയിലിലായത്. ദയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട അനസ് അൽ ശഹ്റിയുടെ കുടുംബം അറിയിച്ചതോടെ റിയാദ് ക്രിമിനൽ കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു.

വിഷയം ശ്രദ്ധയിൽപ്പെട്ട ബോബി ചെമ്മണ്ണൂർ സഹായധനം സമാഹരിക്കാൻ മുന്നിട്ടിറങ്ങി. അബ്ദുൾ റഹീമിന്റെ മോചനത്തിന് കഴിഞ്ഞ പെരുന്നാൾ കാലത്താണ് മലയാളികൾ കൈയയച്ച് സംഭാവന നൽകിയത്. ഇതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ അക്കൗണ്ടിൽ മൊത്തം 47 കോടിയിലേറെ രൂപയാണ് ലഭിച്ചത്. ഇതിൽ 34 കോടി രൂപ ദയാധനം കൈമാറിയതോടെ അബ്ദുള്‍ റഹീമിന് സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കി. ഇനി മോചനവുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് മാത്രമാണ് വരാനുള്ളത്.