മായം കലരാത്ത ഫ്രഷ് മീൻ വീട്ടിലെത്തും, പുതിയ പദ്ധതി ഗുണം ചെയ്യുന്നത് ഇക്കൂട്ടർക്ക്

Monday 18 November 2024 8:21 AM IST

കണ്ണൂർ: മായം കലരാത്ത ഏറ്റവും നല്ല മത്സ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകുക എന്നീ ലക്ഷ്യത്തോടെ മത്സ്യ വിപണന രംഗത്ത് മത്സ്യഫെഡുമായി കൈകോർത്ത് കുടുംബശ്രീ.

ആദ്യഘട്ടമെന്ന നിലയിൽ ഒരു വാർഡിൽ ഒരു മത്സ്യ വിപണന കേന്ദ്രം തുടങ്ങാനും തുടർന്ന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാനുമാണ് ലക്ഷ്യം.

ഗ്രൂപ്പ് സംരംഭവും വ്യക്തിഗത സംരംഭവും ആകാം. രജിസ്റ്റർ ചെയ്ത സംരംഭകർക്ക് മത്സ്യം ഹാർബറിൽ നിന്ന് മത്സ്യഫെഡ് എത്തിച്ചു നൽകും. പദ്ധതിയുടെ ഭാഗമായി മത്സ്യവിപണനം നടത്തുന്നത്തിന് ഇരുചക്ര വാഹനം വാങ്ങുന്നതിനായി 70,000 രൂപ കുടുംബശ്രി വായ്പയും അനുവദിക്കും. എല്ലാ കുടുംബശ്രീ സി.ഡി.എസുകളിലും നിശ്ചിത സംരംഭങ്ങൾ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ സംരംഭം നടപ്പിലാക്കാനുള്ള അംഗീകാരവും കുടുംബശ്രീ നൽകും. ഇതിനായുള്ള സംരംഭങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു.

വിവിധ പദ്ധതികളിലൂടെ സഹായം

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്, ശരണ്യ, കൈവല്യ, കേസ്രൂ, നവജീവൻ എന്നീ പദ്ധതികളിൽ നിന്നും സഹായം ലഭിക്കും. കുടുംബശ്രീ ഹോം ഷോപ്പ് ഓണർമാറായി മുച്ചക്ര സ്‌കൂട്ടർ ഉള്ള ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ലഭിക്കും. സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർ അവരുടെ വാർഡിലെ സി.ഡി.എസ് ചെയർപേഴ്സണുമായ് ബന്ധപ്പെടണം.

ഹാർബറിൽ നിന്നും മത്സ്യം നേരിട്ട് എത്തിക്കുന്നതിനാൽ ഗുണമേന്മയുടെ കാര്യത്തിൽ ആശങ്ക വേണ്ട. ഏറ്റവും നല്ല മത്സ്യം തന്നെ കുടുംബശ്രീ സംരംഭകർ വഴി വിപണിയിലെത്തും. ഇടനിലക്കാരില്ലാത്തതിനാൽ ന്യായവിലയ്ക്ക് മത്സ്യങ്ങൾ ലഭ്യമാകും..

എം. സുർജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ