നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ആരോഗ്യ കലാശാല അന്വേഷിക്കും
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച സംഭവത്തിൽ പൊലീസ് സഹപാഠികളുടെയും കോളേജ് പ്രിൻസിപ്പൽ എൻ. അബ്ദുൾ സലാമിന്റെയും അദ്ധ്യാപകരുടെയും മൊഴിയെടുത്തു. അമ്മു സജീവിന്റെ നാടായ തിരുവനന്തപുരം അയിരൂപ്പാറയിലെത്തി ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതിനിടെ ആരോഗ്യ സർവകലാശാല ദുരൂഹമരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ, നഴ്സിംഗ് ഡീൻ, നഴ്സിംഗ് ബോർഡ് ചെയർമാൻ, അക്കാഡമിക് കൗൺസിൽ അംഗം എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയാണ് അമ്മു. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് അമ്മു വീണുമരിച്ച സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്. അമ്മുവിന്റെ അച്ഛന്റെ പരാതി ലഭിച്ചശേഷം നിയമപരമായി ചെയ്യേണ്ട നടപടിക്രമങ്ങൾ പാലിച്ചെന്ന് പ്രിൻസിപ്പൽ പൊലീസിനോടു പറഞ്ഞു. അമ്മുവിന്റെ അച്ഛനെ കഴിഞ്ഞ ബുധനാഴ്ച കോളേജിലേക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ അസൗകര്യം കണക്കിലെടുത്ത് ഇന്നലത്തേക്ക് മാറ്റിയിരുന്നു. ആരോപണവിധേയർക്ക് മെമ്മോ നൽകിയിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അമ്മുവും സഹപാഠികളും തമ്മിലുള്ള പ്രശ്നങ്ങൾ സംസാരിച്ച് തീർത്തിരുന്നെന്നാണ് അദ്ധ്യാപകരുടെ മൊഴി. കോളേജിനുള്ളിൽത്തന്നെ പരിഹരിക്കാൻ ശ്രമിച്ചിരുന്നെന്നും പറഞ്ഞു. ആരോപണവിധേയരായ മൂന്നുവിദ്യാർത്ഥിനികൾ ഇന്നലെ കോളേജിൽ എത്തിയില്ല. അടുത്ത ദിവസം ഇവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അമ്മുവിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകും.
വെള്ളിയാഴ്ച വൈകിട്ട് അറരയോടെ താഴെ വെട്ടിപ്പുറത്തുള്ള വനിത ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നാണ് അമ്മു വീണത്. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ കുടുംബം റാംഗിംഗ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.
എ.ബി.വി.പി മാർച്ച് നടത്തി
പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി കോളേജിലേക്ക് മാർച്ച് നടത്തി. കോളേജ് കവാടത്തിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് രണ്ടു നേതാക്കളെ പ്രിൻസിപ്പലുമായി ചർച്ചയ്ക്ക് അനുവദിച്ചു. പ്രിൻസിപ്പലുമായി സംസാരിക്കുന്നതിനിടെ ഇവർ കൈയിൽ കരുതിയിരുന്ന എ.ബി.വി.പിയുടെ കൊടി വീശി മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.