ശബരിമല തീർത്ഥാടനം; ദർശന പാത മാറ്റുന്നത് ദേവസ്വം ബോർഡിന്റെ പരിഗണനയിൽ

Tuesday 19 November 2024 8:38 AM IST

പത്തനംതിട്ട: തിരക്ക് ഒഴിവാക്കി ദർശനം സുഗമമാക്കുന്നതിനായി ശബരിമല തീർത്ഥാടകർക്കുള്ള ദർശനപാത മാറ്റുന്ന കാര്യം ദേവസ്വം ബോ‌ർഡിന്റെ പരിഗണനയിൽ. സൈന്യം നിർമിച്ച ബെയ്‌‌ലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കം ബോർഡ് പരിഗണിക്കുന്നുണ്ട്.

പതിനെട്ടാംപടി കയറിവരുന്ന തീർത്ഥാടകർ ക്യൂ കോംപ്ളക്‌സിൽ കാത്തുനിൽക്കാതെ നേരിട്ട് സോപാന ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. കൊടിമരത്തിൽ നിന്ന് നേരിട്ട് സോപാനത്തിലേയ്ക്കുള്ള വഴിയിലൂടെ തീർത്ഥാടകരെ കയറ്റിവിടാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ദർശന പാത മാറ്റുന്നതിൽ എല്ലാവരുമായി കൂടിയാലോചന നടത്തിയതിനുശേഷമേ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളൂ. മാസ്റ്റർ പ്ളാനിൽ നേരിട്ട് തൊഴുന്നതിനുള്ള ശുപാർശ ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി. ബെയ്‌ലി പാലം നിലവിൽ തുരുമ്പിച്ച അവസ്ഥയിലാണ്. ഇത് നവീകരിച്ച് ഉപയോഗിക്കാനാണ് ബോർഡ് ആലോചിക്കുന്നത്.

അതേസമയം, സന്നിധാനത്ത് സേപാനത്തിന് മുന്നിലെ ക്യൂവിലേക്ക് എതിർദിശയിൽ നിന്ന് ആളുകൾ കയറുന്നത് പൂർണമായും ഒഴിവാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുകയാണ്. വിഐപികളടക്കമുള്ളവർക്കും ഇത് ബാധകമാകും. സോപാനത്തിന് മുന്നിലെത്തി തൊഴുതശേഷം ഭക്തർക്ക് മുന്നോട്ടുപോകുന്നതിന് തടസമാകുന്നത് കൊണ്ടാണിത്. മണിക്കൂറുകൾ ക്യൂവിൽ നിന്ന് ദർശനം നടത്തുന്ന ഭക്തരുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.

ഇതിനിടെ, നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതികൾ ഉയരുകയാണ്. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് ഇതിന് സൗകര്യമൊരുക്കിയിട്ടുള്ളത്. അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വലിയ വാഹനങ്ങളിൽ എത്തുന്ന തീർത്ഥാടകർ നിലയ്ക്കലിൽ വാഹനം പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലേക്ക് എത്തുന്നത്. അതിനാൽ, നിലയ്ക്കലിലും സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.