ദേശാഭിമാനിയിൽ ഇല്ല, സിറാജിലും സുപ്രഭാതത്തിലും പരസ്യം; പാലക്കാട് എൽഡിഎഫിന്റെ അപ്രതീക്ഷിത നീക്കം

Tuesday 19 November 2024 2:40 PM IST

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ യുഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് പരസ്യവുമായി എൽഡിഎഫ്. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യയെ വച്ചുള്ള തിരഞ്ഞെടുപ്പ് പരസ്യവുമായാണ് എൽഡിഎഫ് രംഗത്തെത്തിയത്. സരിൻ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം നൽകിയിരിക്കുന്നത്. പരസ്യത്തിൽ കൂടുതലായും സന്ദീപ് വാര്യരെയാണ് പരാമർശിച്ചിട്ടുള്ളത്.

സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിൽ പരസ്യമില്ല എന്നതും ശ്രദ്ധേയമാണ്. കാശ്മീർ വിഷയത്തിൽ സന്ദീപ് വാര്യർ പങ്കുവച്ച പഴയ ഫേസ്ബുക്ക് പോസ്റ്റ്, ആർഎസ്എസ് വേഷം ധരിച്ചുനിൽക്കുന്ന ചിത്രം, കാശ്മീരികളുടെ കൂട്ടക്കൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന പോസ്റ്റ്, ഗാന്ധിവധം തുടങ്ങിയ പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ..കഷ്ടം എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വർഗീയതയുടെ കാളകൂട വിഷത്തെ സ്വീകരിച്ചുവെന്നാണ് കോൺഗ്രസിനെതിരെ പരസ്യത്തിൽ വിമർശിക്കുന്നത്. വാർത്താ ശൈലിയുടെ രൂപമുള്ള പരസ്യം ഒന്നാം പേജിലാണ് രണ്ട് പത്രവും നൽകിയിരിക്കുന്നത്. സന്ദീപിനെ കോൺഗ്രസ് സ്വീകരിച്ച നിലപാട് എൽഡിഎഫ് തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴത്തെ എൽഡിഎഫിന്റെ ഈ പരസ്യ നീക്കം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വച്ചുള്ളതാണ്.