കേരളമണ്ണിൽ പന്തുതട്ടാൻ മെസി,​ അർജന്റീനിയൻ ഫുട്ബാൾ ടീം കേരളത്തിലേക്ക്,​ നിർണായക പ്രഖ്യാപനം നാളെ

Tuesday 19 November 2024 10:16 PM IST

തിരുവനന്തപുരം : കേരളത്തിലെ ഫുട്ബാൾ ആരാധകരെ ആവേശത്തിരയിലാറാടിക്കാൻ അ‌ർജന്റീന ഫുട്ബാൾ ടീം കേരളത്തിലേക്ക് . അടുത്ത വർഷമാകും ടീം കേരളത്തിലെത്തുക. കേരളസന്ദർശനത്തിന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ അനുമതി നൽകിയതായാണ് സൂചന. ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം കായികമന്ത്രി വി. അബ്ദുറഹിമാൻ നാളെ വാർത്താസമ്മേളനത്തിൽ നടത്തും. ഇതിഹാസ താരം ലയണൽ മെസ്സിയും ടീമിനൊപ്പമുണ്ടാകുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. മെസി കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തിലും അർജന്റിന ഫുട്ബാൾ അസോസിയേഷനാകും അന്തിമ തീരുമാനമെടുക്കുക.

കേരളത്തിൽ രണ്ട് മത്സരങ്ങൾ ഉണ്ടാകാനാണ് സാദ്ധ്യത. അർജന്റീനിയൻ ദേശീയ ടീമും ഏഷ്യയിലെ മുൻ നിര ടീമുമായി മത്സരത്തിനുള്ള സാദ്ധ്യതയുണ്ട്. മത്സരത്തിന് വേണ്ടി വരുന്ന ഭീമമായ തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം. സ്പോൺസർമാരുടെ കാര്യത്തിലും ധാരണയായെന്നാണ് വിവരം. ഇത് സംബന്ധിച്ച പ്രഖ്യാപനവും വാർത്താസമ്മേളനത്തിൽ ഉണ്ടാകും,​

നേരത്തെ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് കായിക വകുപ്പ് അർജന്റീന ഫുട്ബാൾ അസോസിയേഷന് കത്തയച്ചിരുന്നു. ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഇമെയിലും മറുപടിയായി ലഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അർജന്റീന അംബാസഡറെ സന്ദർശിച്ച് സംസ്ഥാനത്തെ ഫുട്ബാൾ വികസനത്തിന് അർജന്റീനയുമായി സഹകരിക്കുന്നതിന് താത്പര്യം അറിയിച്ചിരുന്നു. 2011ൽ മെസി ഉൾപ്പെടുന്ന അർജന്റീനയുടെ ടീം കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കളിച്ചിട്ടുണ്ട്. വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ ലയണൽ മെസിയായിരുന്നു അർജന്റീനയുടെ ക്യാപ്ടൻ.