ദുരിതാശ്വാസ ക്യാമ്പിലെ പിരിവ്: ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Friday 16 August 2019 8:20 PM IST

ചേർത്തല: പ്രളയദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ മുൻ സി.പി.എം ലോക്കൽകമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ കേസെടുത്തു. ചേർത്തല തഹസിൽദാരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി അർത്തുങ്കൽ പൊലീസാണ് കേസെടുത്തത്. വഞ്ചനാകുറ്റമാണ് ഓമനക്കുട്ടനെതിരെ ചുമത്തിയത്.

ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയത്. സംഭവം വിവാദമായതോടെ ഓമനക്കുട്ടനെ സി.പി.എം സസ്പെൻഡ് ചെയ്തിരുന്നു. സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നൽകുന്നതിന് വേണ്ടി എന്ന പേരിലായിരുന്നു ഓമനക്കുട്ടന്റെ പിരിവ്.

ക്യാമ്പ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത്. ഇതിനും ക്യാമ്പിൽ ഉള്ളവർ പിരിവ് നല്‍കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു.

ഉദ്യോഗസ്ഥർ പണം നൽകാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങൾ താൻ നടപ്പാക്കിയതെന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം. എന്നാൽ ക്യാമ്പിലെ എല്ലാ ചെലവുകൾക്കും സർക്കാർ പണം നൽകുന്നുണ്ടെന്ന് തഹസീൽദാർവ്യക്തമാക്കിയിരുന്നു.