പാലക്കാട്ട് പോളിംഗ് ശതമാനം 70 കടന്നു,​ ബി ജെ പി ജില്ലാ പ്രസിഡന്റിന് വോട്ടുചെയ്യാനായില്ല

Wednesday 20 November 2024 8:48 PM IST

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 70 കടന്നു. അവസാന റിപ്പോർട്ടുകൾ പ്രകാരം 70.51 ശതമാനം പോളിംഗാണ് പാലക്കാട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം. അതേസമയം ഇരട്ടവോട്ടിന്റെ പേരിൽ വിവാദത്തിലായ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല,​ ഹരിദാസ് എത്തിയപ്പോൾ ഗേറ്റ് അടച്ചിരുന്നതിനാൽ വോട്ട് ചെയ്യാനാകാതെ മടങ്ങുകയായിരുന്നു. ഹരിദാസ് വോട്ടു ചെയ്യാനെത്തിയാൽ തടയാനായി വി.കെ. ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ബൂത്തിൽ സംഘടിച്ചിരുന്നു. ഹരിദാസ് വോട്ട് ചെയ്യാനെത്തിയാൽ തടയുമെന്ന് മന്ത്രി എം.ബി. രാജേഷും വ്യക്തമാക്കിയിരുന്നു.

എന്നാൽ സംഘർഷം ഒഴിവാക്കാനാണ് വോട്ട് ചെയ്യാൻ എത്താതിരുന്നതെന്ന് ഹരിദാസ് പ്രതികരിച്ചു. സമാധാനപരമായി തിരഞ്ഞെടുപ്പ് കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും ഹരിദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്നല്ല ബി.ജെ,​പിയുടെ ഒരു ബൂത്ത് പ്രസിഡന്റിനെ പോലും തടയാൻ വി.കെ. ശ്രീകണ്ഠന് സാധിക്കില്ലെന്നും ഹരിദാസ് വ്യക്തമാക്കി.

നേരത്തെ വെണ്ണക്കര ബൂത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞിരുന്നു. രാഹുൽ ബൂത്തിൽ കയറി വോട്ടുചോദിച്ചെന്ന് ആരോപിച്ചാണ് തടഞ്ഞത്. ഇതിനെ തുടർന്ന് ബൂത്തിൽ കുറച്ചു സമയം സംഘർഷാവസ്ഥ ഉണ്ടായി. പിന്നീട് പ്രവർത്തകരെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു.