സപ്ലൈകോയ്ക്ക് വീണ്ടും ദാരിദ്രയം -- സബ്സിഡി വിലയിൽ അരി മാത്രം
വിതരണക്കാർക്ക് കൊടുക്കാൻ കാശില്ല
225 കോടി പ്രഖ്യാപിച്ചിട്ട് കിട്ടിയത് പകുതി
തിരുവനന്തപുരം: സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ 13 ഇന സബ്സിഡി സാധനങ്ങളിൽ അരി ഒഴികെ മറ്റുള്ളവയുടെ സ്റ്റോക്ക് മിക്കയിടത്തും തീർന്നു. ഇതോടെ സബ്സിഡിയിതര സാധനങ്ങളുടെ വില്പനയും കുറഞ്ഞു. മൊത്ത വിതരണക്കാർ വിതരണം ഭാഗീകമായി അവസാനിപ്പിച്ചതാണ് കാരണം. കുടിശ്ശിക ലഭിച്ചില്ലെങ്കിൽ ടെൻഡറിലും പങ്കെടുക്കില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്.
600 കോടി രൂപ വിതരണക്കാർക്ക് സപ്ലൈകോ നൽകാനുണ്ട്. ഓണത്തിനു മുമ്പും ഇതേ പ്രതിസന്ധി ഉണ്ടായി. 100 കോടി രൂപ നൽകി അന്ന് അനുനയിപ്പിച്ചു. ഓണത്തിന് അടിയന്തര സഹായമായി സർക്കാർ 225 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതുവരെ ലഭിച്ചത് 125 കോടി മാത്രം. ഇതോടെയാണ് സപ്ലൈകോയുടെ കണക്കുകൂട്ടലുകൾ പിഴച്ചത്. 500 കോടിയാണ് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നത്.
ഓണ നാളുകളിൽ 13 ഇനം സബ്സിഡി സാധനങ്ങളും എത്തിയതോടെ ഔട്ട്‌ലെറ്റുകൾ വീണ്ടും ഉണർന്നതാണ്. എന്നാൽ, ഒക്ടോബർ പകുതിയോടെ ചെറുപയർ, പഞ്ചസാര, മല്ലി, മുളക് എന്നിവ തീർന്നു. മറ്റുള്ളവയും തീർന്നതോടെ, ഇപ്പോൾ അരിമാത്രമായി.
കഴിഞ്ഞ ഫെബ്രുവരിയിൽ സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചിരുന്നു. പൊതുവിപണി വിലയെ അപേക്ഷിച്ച് 25- 30 ശതമാനം വിലക്കുറവാണ് ഇപ്പോൾ.
ചില ഔട്ട്‌ലെറ്റുകളിൽ മാത്രമാണ് സാധനങ്ങളുടെ കുറവുള്ളത്. അത് വരും നാളുകളിൽ പരിഹരിക്കും.
- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി
സ്റ്റോക്കള്ളവ
ജയ അരി, കുത്തരി, പച്ചരി, വടി അരി.
ഇല്ലാത്തവ
ചെറുപയർ, ഉഴുന്ന്, കടല, വെള്ളപ്പയർ, പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ