"മൂർഖൻ പാമ്പിനെ എടുത്ത് മേലേക്ക് എറിയും", ജനറൽ കോച്ചിലെ യാത്ര; അനുഭവം പങ്കുവച്ച് മലയാളി യുവാവ്

Thursday 21 November 2024 10:22 AM IST

വടക്കേ ഇന്ത്യയിലേക്ക് ട്രെയിനിൽ ജനറൽ കോച്ചിൽ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മലയാളി യുവാവ്. മൂർഖൻ അടക്കമുള്ള പാമ്പുകളുമായി ചിലർ ട്രെയിനിൽ കയറുകയും ഭയപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവാവ് പറയുന്നത്. ഇതിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 'നോർത്തിലേക്കുള്ള ജനറൽ കോച്ചിലെ യാത്ര എന്നുപറഞ്ഞപ്പോൾ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. പറഞ്ഞാലും നിങ്ങൾ വിശ്വസിക്കത്തില്ല. മൂർഖൻ പാമ്പിനെയും എല്ലാത്തിനെയുമെടുത്ത് നമ്മുടെ മേത്തോട്ട് അങ്ങ് എറിയുകയാണ്. ഞാനൊന്ന് ഉറങ്ങിവന്നപ്പോഴാണ് അത് കണ്ടത്. ഞാൻ ശരിക്കും പേടിച്ചെന്ന് പറഞ്ഞാൽ ശരിക്കും പേടിച്ച്.

നോർത്തിലേക്കുള്ള ജനറൽ യാത്ര പേടിപ്പെടുത്തുന്നതാണെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രത്തോളമായിരിക്കുമെന്ന് ഞാനെന്റെ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. ഞാൻ ആദ്യം കരുതിയത് പാമ്പാട്ടികളായിരിക്കുമെന്നാണ്.

പക്ഷേ അവിടെയുള്ള സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഇത് അവിടത്തെ ഒരു ഗ്രാമത്തിലെ ലോക്കൽ ആൾക്കാരാണെന്നാണ്. അവർക്ക് നേരെ പൊലീസും വരില്ല, ഒന്നും വരില്ല. ആ മൂർഖൻ പാമ്പിന്റേതാണെങ്കിൽ വിഷ പല്ലുപോലും ചിലപ്പോൾ എടുത്തുമാറ്റിയിട്ടുണ്ടാകില്ല. അവർക്ക് നമ്മളെ കടിച്ചാൽ പോലും ഒരു കുഴപ്പവുമുണ്ടാകില്ല. അവർ മെയിൻ സ്റ്റേഷൻ എത്തുന്നതിന് മുമ്പ് ചാടി അവരുടെ ഗ്രാമത്തിലേക്ക് പോകുകയും ചെയ്യും. ഇതാണ് നോർത്തിലേക്കുള്ള ജനറൽ കോച്ചുകളിലെ അവസ്ഥ.'- എന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്.

വീഡിയോ കാണാം...