ഗോളടിയിൽ മറഡോണയ്ക്ക് ഒപ്പമെത്തി ലൗതാരോ
Thursday 21 November 2024 10:54 PM IST
ബ്യൂണസ് അയേഴ്സ് : അർജന്റീനയ്ക്ക് വേണ്ടി ഇതിഹാസതാരം ഡീഗോ മറഡോണ നേടിയിട്ടുള്ള 32 ഗോളുകൾക്ക് ഒപ്പമെത്തി ലൗതാരോ മാർട്ടിനെസ്. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയം നൽകിയ ഏക ഗോൾ നേടിയാണ് 27കാരനായ ലൗതാരോ ഈ നേട്ടത്തിലെത്തിയത്.
112 ഗോളുകളുമായി അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ലയണൽ മെസിയാണ്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട(54), സെർജിയോ അഗ്യൂറോ(42),ഹെർനാൻ ക്രെസ്പോ (35) എന്നിവരാണ് രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിൽ. മറഡോണയും ലൗതാരോയും അഞ്ചാം സ്ഥാനം പങ്കിടുന്നു. ഈ വർഷത്തെ തന്റെ 11-ാം ഇന്റർനാഷണൽ ഗോളാണ് ലൗതാരോ പെറുവിന് എതിരെ നേടിയത്. മെസിയും ബാറ്റിസ്റ്റ്യൂട്ടയും മാത്രമാണ് ഇതിന് മുമ്പ് ഒരു കലണ്ടർ വർഷം പത്തിലേറെ അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുള്ള അർജന്റീന താരങ്ങൾ.
2024ൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരവും ലൗതാരോയാണ്.