സർക്കാർ പിന്തുണച്ചില്ലെന്ന് ആരോപണം: പരാതിക്കാരി പിന്മാറി; നടന്മാരടക്കം പ്രതിയായ കേസുകൾ ത്രിശങ്കുവിൽ
കൊച്ചി:സിനിമാ നടന്മാർക്കെതിരെ നൽകിയ ലൈംഗികപീഡന പരാതികളിൽ നിന്ന് നടി പിൻമാറി. സർക്കാരിൽനിന്ന് പിന്തുണ കിട്ടിയില്ലെന്നും വ്യാജ പോക്‌സോ കേസിൽ കുടുക്കിയെന്നും ആരോപിച്ചാണ് പിൻമാറ്റം. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇ മെയിൽ അയയ്ക്കുമെന്ന് നടി അറിയിച്ചു.
എം. മുകേഷ് എം.എൽ.എ, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോൻ, അണിയറ പ്രവർത്തകരായ നോബിൾ, ബിച്ചു, കോൺഗ്രസ് അഭിഭാഷക സംഘടനയുടെ മുൻ പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖരൻ എന്നിവരാണ് ആലുവ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി ആരോപണങ്ങളുമായി രംഗത്തുവന്നത്. ഭയം കാരണമാണ് ഇത്രയുംനാൾ പറയാതിരുന്നതെന്നും വെളിപ്പെടുത്തിയിരുന്നു.
ആരും പിന്തുണച്ചില്ല സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് തുറന്നുപറയാൻ തയ്യാറായത്. ഇനിയൊരാൾക്കും ഈയൊരവസ്ഥ ഉണ്ടാവരുതെന്ന് ആഗ്രഹിച്ചു. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ കണ്ടെത്താൻ സർക്കാർ തയ്യാറായില്ല. മാദ്ധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചത്. ശരിയായ അന്വേഷണം നടത്തണമെന്ന് ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകി. പക്ഷേ ഒന്നും നടന്നില്ലെന്നും നടിയുടെ കുറിപ്പിൽ പറയുന്നു.
പോക്സോക്കേസ് ബന്ധുവായ യുവതിയുടെ പരാതിയിലാണ് നടിക്കെതിരെ പോക്‌സോ കേസെടുത്തത്. 16 വയസുള്ളപ്പോൾ ഓഡീഷനെന്ന് പറഞ്ഞ് തന്നേയും അമ്മയേയും ചെന്നൈയിലേക്ക് കൊണ്ടുപോയ നടി ഹോട്ടലിലെത്തിച്ച് പലർക്കും കൈമാറാൻ ശ്രമിച്ചെന്നായിരുന്നു കേസ്. പെൺവാണിഭ സംഘവുമായി ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. കേസെടുത്ത മൂവാറ്റുപുഴ പൊലീസ് ചെന്നൈയിലെത്തി തെളിവെടുത്തിരുന്നു.
`പരാതിക്കാരി രേഖാമൂലം അറിയിപ്പ് നൽകിയിട്ടില്ല. അന്വേഷണം അന്തിമ ഘട്ടത്തിലാണ്. തുടർനടപടികളിൽ കോടതിയായിരിക്കും തീരുമാനമെടുക്കുക -ജി. പൂങ്കഴലി എ.ഐ.ജി പ്രത്യേക അന്വേഷണസംഘം
നടന്മാർക്കെതിരായ
ആരോപണങ്ങൾ
#എം. മുകേഷ് - മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഒറ്റപ്പാലത്ത് ഷൂട്ടിംഗ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു
# ഇടവേള ബാബു - അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി
# ജയസൂര്യ - സെക്രട്ടേറിയറ്റ് ഇടനാഴിയിൽ വച്ച് കടന്നുപിടിച്ച് ചുംബിച്ചു
# മണിയൻപിള്ള രാജു - ഒരുമിച്ച് കാറിൽ സഞ്ചരിച്ചപ്പോൾ അശ്ലീലച്ചുവയോടെ സംസാരിച്ചു. മോശം താത്പര്യത്തോടെ വാതിലിൽ മുട്ടി # ബാലചന്ദ്രമേനോൻ - ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി