പത്തിരട്ടി സന്തോഷം!

Saturday 23 November 2024 6:36 AM IST

സന്തോഷ് ട്രോഫി: 10-0ത്തിന് ലക്ഷദ്വീപിനെ തൂത്തുവാരി കേരളം,​ സജീഷിന് ഹാട്രിക്ക്

കോഴിക്കോട്: ഒന്നല്ല,​ രണ്ടല്ല മൂന്നല്ല.. മറുപടിയില്ലാത്ത പത്ത് ഗോളുകൾക്ക് ലക്ഷദ്വീപിനെ തരിപ്പണമാക്കി സന്തോഷ് ട്രോഫി പ്രഥമിക റൗണ്ട് ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ ഗംഭീര ജയം നേടി കേരളം (10-0)​. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം വേദിയായ മത്സരത്തിൽ കേരളത്തിനായി പകരക്കാരനായി ഇറങ്ങിയ മുന്നേറ്റതാരം ഇ. സജീഷ് ഹാട്രിക്കുമായി മിന്നിത്തിളങ്ങി. ഗനി മുഹമ്മദ്,​ മുഹമ്മദ് അജ്‌സൽ എന്നിവർ രണ്ട് ഗോൾ വീതവും നസീബ് റഹ്മാൻ, അർജുൻ, മുഹമ്മദ് മുഷാറഫ് എന്നിവർ ഓരോ ഗോളുകളും കേരളത്തിനായി സ്‌കോർ ചെയ്തു.

മത്സരത്തിൽ ലക്ഷദ്വീപ് ചിത്രത്തിൽ ഇല്ലായിരുന്നു. കേരളത്തിന്റെ കരുത്തുറ്റ പോരാട്ടത്തിന് മുന്നൽ ലക്ഷദ്വീപിന് കാര്യമായി ഒന്നും ചെയ്യാനായില്ല. കേരളത്തിന്റെ പ്രതിരോധകോട്ട തകർക്കാനും അവർക്കായില്ല.

ആദ്യ പകുതിയിൽ നാലെണ്ണം

ആദ്യ പകുതിയിൽ നാല് ഗോളുകൾ കേരളം നേടി. ആറാം മിനുട്ടിൽ തന്നെ കേരളം ലീഡെടുത്തു. ലിജോ ഗിൽബർട്ട് നൽകിയ പാസ് മുന്നേറ്റ താരം മുഹമ്മദ് അജ്‌സൽ ലക്ഷദ്വീപിന്റെ വലയിലെത്തിക്കുകയായിരുന്നു. ഒമ്പതാം മിനുട്ടിൽ മിഡ് ഫീൽഡർ നസീബ് റഹ്മാൻ ലീഡ് രണ്ടാക്കി.ലക്ഷദ്വീപ് ഗോൾ കീപ്പർ സഹീർഖാന് ഒന്നും ചെയ്യാനായില്ല. 20ാം മിനുട്ടിൽ മുഹമ്മദ് അജ്‌സൽ വീണ്ടും നിറയൊഴിച്ചു. 37ാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ സജീഷാണ് നാലാം ഗോൾ നേടിയത്. 4-0ത്തിന് കേരളത്തിന്റെ ലീഡോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതി ഗോളടിമേളം

രണ്ടാംപകുതി തുടങ്ങിയ ഉടനെ 46ാം മിനുട്ടിൽ അർജുന്റെ ലോംഗ് റേഞ്ചർ ലക്ഷദ്വീപിന്റെ വലയിലേക്ക് തുളച്ചുകയറി.കേരളം 5-0ത്തിന് മുന്നിൽ. 55ാം മിനുട്ടിൽ ഗനി മുഹമ്മദും 57ാം മിനുട്ടിൽ മുഹമ്മദ് മുഷാറഫും കേരളത്തിനായി വലകുലുക്കി. 78ാം മിനുട്ടിൽ ഇ. സജീഷും 81ാം മിനുട്ടിൽ മുഹമ്മദ് ഗനിയും സ്‌കോർ ചെയ്തതോടെ കേരളത്തിന്റെ ലീഡ് ഒമ്പതിലേക്ക് ഉയർന്നു. ഫൈനൽ വിസിലിന് ഒരു മിനുട്ട് മാത്രമുള്ളപ്പോൾ എസ്. സജീഷ് തന്റെ ഹാട്രിക്കും കേരളത്തിന്റെ പത്താം ഗോളും കണ്ടെത്തി. ഞായറാഴ്ച കേരളം പോണ്ടിച്ചേരിയെ നേരിടും.

റെയിൽവേക്കും വൻജയം

ഇന്നലെ രാവിലെ നടന്ന മത്സരത്തിൽ റെയിൽവേ പോണ്ടിച്ചേരിയെ ഒന്നിനെതിരെ പത്ത് ഗോളുകൾക്ക് പരാജയപ്പെടുത്തി.