'ഷാഫി പറമ്പിലിന്റെ പിൻഗാമി, പാലക്കാട്ടെ ഭാവി എംഎൽഎയ്ക്ക് അഭിനന്ദനങ്ങൾ'; രാഹുലിന് ആശംസയുമായി വി ടി ബൽ‌റാം

Saturday 23 November 2024 10:13 AM IST

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന്റെ നാലാംറൗണ്ട് ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറാണ് മുന്നിൽ. ഒരു ഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലും മുന്നിലെത്തിയിരുന്നു. അതിനുപിന്നാലെ രാഹുലിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മുൻ എംഎൽഎ വി ടി ബൽറാം. രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങളെന്നുമാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

പാലക്കാട് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യഫലസുചനകൾ പുറത്തുവന്നപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറാണ് ലീഡ് ചെയ്തത്. ഒരു ഘട്ടത്തിൽ രാഹുലും ലീഡ് നേടിയിരുന്നു. പാലക്കാട് നഗരസഭയിൽ പിന്നിലായാൽ പോലും ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തിൽ നേടുന്ന വോട്ടുകളുടെ പിൻബലത്തിൽ നഗരമേഖലയിലെ കൃഷ്ണകുമാർ നേടുന്ന ലീഡ് മറികടക്കാം എന്ന് തന്നെയാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.