'ഇടവും വലവും സേഫാണ്', രാഹുലിന്റെ വിജയം ഉറപ്പിച്ച് ഷാഫി; യുഡിഎഫ് ക്യാമ്പിൽ ആഘോഷം

Saturday 23 November 2024 10:13 AM IST

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ചിത്രം പങ്കുവച്ച് ഷാഫി പറമ്പിൽ എംപി. പാലക്കാട് എംപിയായ വികെ ശ്രീകണ്ഠനും രാഹുലുമായുള്ള ചിത്രമാണ് ഷാഫി പറമ്പിൽ പങ്കുവച്ചത്. പോസ്റ്റൽ വോട്ട് അടക്കം ആദ്യ റൗണ്ട് എണ്ണുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ പിറകിലായെങ്കിലും നാലാം റൗണ്ട് എണ്ണിത്തുടങ്ങിയതോടെ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ രാഹുലിന് സാധിച്ചു. ബിജെപിയുടെ പല കോട്ടകളിലും രാഹുൽ വ്യക്തമായ ഭൂരിപക്ഷം നേടിയെടുത്തു.

ഷാഫിയുടെ പിൻഗാമിയായി എത്തിയ രാഹുൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പി സരിനിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ സാധിക്കുമെന്ന് എൽഡിഎഫ് പ്രതീക്ഷിച്ചെങ്കിലും തുടക്കത്തിൽ പോലും ലീഡ് നേടിയെടുക്കാൻ സരിന് സാധിച്ചിട്ടില്ല. പാലക്കാട് ആദ്യ റൗണ്ടിൽ 1057 വോട്ടിന്റെ ലീഡാണ് ബിജെപി നേടിയത്. രണ്ടാം രൗണ്ടിൽ ലീഡ് 798 ആയികുറഞ്ഞതോടെയാണ് രാഹുൽ കയറി വന്നത്. മൂന്നാം റൗണ്ടിൽ 1228ഉം നാലാം റൗണ്ടിൽ 1418ഉം വോട്ടിന്റെ ഭൂരിപക്ഷം പിടിച്ച് രാഹുൽ യുഡിഎഫ് ക്യാമ്പിനെ ആഹ്ലാദത്തിലാക്കി.

നാലാം റൗണ്ടിൽ വ്യക്തമായ ലീഡ് നേടിയതോടെ യുഡിഎഫ് ക്യാമ്പിൽ ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങിയിരുന്നു. പാലക്കാട് ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ് ട്രോളി ബാഗ്. യുഡിഎഫ് പ്രവർത്തകർ ട്രോളി ബാഗുമായി റോഡിൽ ഇറങ്ങിയാണ് ആഹ്ലാദ പ്രകടനം നടത്തുന്നത്. എന്നാൽ അഞ്ചാം റൗണ്ട് എണ്ണിത്തുടങ്ങിയതോടെ സി കൃഷ്ണകുമാർ നേരിയ ലീഡ് പിടിച്ചു.