ചേലക്കര നിലനിറുത്തിയെങ്കിലും എൽ ഡി എഫിന് ആശ്വസിക്കാൻ വകയില്ല, ഭൂരിപക്ഷം കുത്തനെ കുറഞ്ഞു

Saturday 23 November 2024 6:53 PM IST

തൃശൂുർ : പാലക്കാട് ,​ ചേലക്കര നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിറ്റിംഗ് മണ്ഡലമായ ചേലക്കര നിലനിറുത്താനായെങ്കിലും എൽ.‌ഡി.എഫിന് ആശ്വസിക്കാൻ വകയില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 83415 വോട്ടുകൾ ലഭിച്ച കെ. രാധാകൃഷ്ണൻ 39400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാൽ ഇത്തവണ സി.പി.എമ്മിന്റെ യു.ആർ. പ്രദീപിന് ലഭിച്ചത് 64259 വോട്ടുകളാണ്. 12201 വോട്ടിന്റെ ഭൂരിപക്ഷം. കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന്റെ പകുതി പോലും ഇത്തവണ ലഭിച്ചില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ ആലത്തൂരിൽ മത്സരിച്ചപ്പോൾ ചേലക്കരയിൽ നിന്ന് ലഭിച്ചതാകട്ടെ വെറും 5,000 വോട്ടുകളുടെ മാത്രം മേൽക്കൈയാണ്. 2016ൽ തനിക്ക് ലഭിച്ച 10,200 വോട്ടിന്റെ ഭൂരിപക്ഷം മെച്ചപ്പെടുത്തിയെങ്കിലും മൊത്തം വോട്ടുകളിൽ പ്രദീപിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. 2016ലേതിനേക്കാള്‍ 3512 വോട്ടുകളാണ് കുറഞ്ഞത്. 2021നെക്കാൾ 19,156 വോട്ടുകൾ പാർട്ടിക്ക് കുറഞ്ഞിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ രമ്യ ഹരിദാസിന് 52626 വോട്ടുകളും ബി.ജെ.പിയുടെ കെ,​ ബാലകൃഷ്ണൻ 33609 വോട്ടുകളും നേടി,​. 1034 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.

ഇത്തവണ പ്രദീപിന് ആകെ പോൾ ചെയ്തതിന്റെ 41.44 ശതമാനം വോട്ടുകളാണ് ലഭിച്ചത്. കെ. രാധാകൃഷ്ണന് 2021ൽ 54.41 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. 13ശതമാനത്തോളം വോട്ടുകളാണ് എൽ.ഡി.എഫിന് ഇത്തവണ കുറഞ്ഞത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ സി.പി.എമ്മിലെ യു.ആർ. പ്രദീപ് തന്നെയായിരുന്നു മുന്നിൽ. 11ാം റൗണ്ടിൽ മാത്രമാണ് രമ്യയ്ക്ക് നേരിയ ലീഡ് നേടാൻ സാധിച്ചത്.

2016 മുതൽ 2021 വരെ അഞ്ചു വർഷം യു,​ആർ, പ്രദീപ് ചേലക്കര എം.എൽ.എ ആയിരുന്നിട്ടുണ്ട്. 2000- 2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2009-2011 ൽ ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. 2022 മുതഷ സംസ്ഥാന പട്ടികജാതി - വർഗ വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു.