മുനമ്പം പ്രശ്നം: സർക്കാരിന് നിയമനിർമ്മാണമാകാം, ജുഡിഷ്യൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ

Sunday 24 November 2024 12:34 AM IST

കൊച്ചി: ഭൂമി സംബന്ധമായ കാര്യങ്ങൾ സംസ്ഥാനവിഷയമായതിനാൽ മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിലെ തടസങ്ങൾ മറികടക്കുന്നതിന് സ‌ർക്കാരിന് നിയമനിർമ്മാണം നടത്താമെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ പറഞ്ഞു. മുനമ്പം ജുഡിഷ്യൽ കമ്മിഷൻ നിയുക്ത അദ്ധ്യക്ഷനാണ് അദ്ദേഹം.

മുനമ്പം വഖഫ് വിഷയത്തിൽ ഭൂവുടമകളുടെ അവകാശ സംരക്ഷണത്തിന് നിയമാനുസൃത നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം 'കേരളകൗമുദി'യോട് പറഞ്ഞു. വസ്തുതകൾ പരിശോധിച്ച് ഉചിതമായ ശുപാർശകൾ നൽകും.

?മുനമ്പം വഖഫ് പ്രശ്നം അതിസങ്കീർണമല്ലേ

തീർച്ചയായും. അനുമാനങ്ങളിലെത്തുക,തെളിയിക്കുക എന്നത് ശ്രമകരമാകും. പഴയ രേഖകളടക്കം പരിശോധിക്കേണ്ടതുണ്ട്. ഒട്ടേറെപ്പേരുടെ ഹിയറിംഗ് ആവശ്യമുണ്ട്. സർക്കാർ നിശ്ചയിച്ച മൂന്നുമാസ കാലാവധി തികയാതെവരും. പരിഗണനാവിഷയങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യാൻ നിയമമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുകയാകും ഉചിതം. സ്ഥലവാസികളിൽ ആർക്കെല്ലാം ഏതു രീതിയിലാണ് അവകാശവാദമുള്ളതെന്നാകും ആദ്യം പരിശോധിക്കുക. കൈവശാവകാശരേഖ,പട്ടയം,തലമുറകളായി താമസിക്കുകയാണെന്ന രേഖ ഇങ്ങനെ പലതുമാകാം. ബന്ധപ്പെട്ട കക്ഷികളുടെയും സർക്കാരിന്റെയും വഖഫ് ബോർഡിന്റെയുമെല്ലാം വാദം കേൾക്കും. സ്ഥലത്തെ ഹോട്ടലുകളും റിസോർട്ടുകളും വ്യാപാരശാലകളുമായി ബന്ധപ്പെട്ട തർക്കവും ഉയർന്നേക്കാം.

?​ഏതു രീതിയിലാകും പ്രശ്നപരിഹാരം

ഉടമസ്ഥാവകാശം കണ്ടെത്തി രേഖപ്പെടുത്താൻ കമ്മിഷന് കഴിയും. വഖഫ് സ്വത്തല്ലെന്ന് അംഗീകരിച്ചു നൽകാനുള്ള അധികാരം കോടതിക്കോ വഖഫ് ട്രൈബ്യൂണലിനോ ആണ്. ഇതിനുവേണ്ട ഉപദേശനി‌ർദ്ദേശങ്ങൾ നൽകാനാകും. കോടതികളിൽ ശേഷിക്കുന്നതും വിധിപറഞ്ഞതുമായ വിഷയങ്ങളിൽ ഇടപെടാനും കമ്മിഷന് അധികാരമില്ല. ഭൂമി വഖഫിൽപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ സ്ഥിതി എളുപ്പമല്ല. മുമ്പ് നിയോഗിച്ച നിസാ‌ർ കമ്മിഷൻ ഉദ്ദേശ്യലക്ഷ്യങ്ങളിലെത്തിയില്ലെന്ന നിരാശയും പ്രശ്നബാധിതർക്കുണ്ട്.

?​നിയമനിർമ്മാണം എങ്ങനെ

ഭൂമിയുടെ പ്രശ്നം മറികടക്കാൻ വഖഫ് നിയമവുമായി സമന്വയിപ്പിച്ച് സംസ്ഥാന സർക്കാരിന് നിയമനിർമ്മാണമാകാം. കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ആവശ്യമെങ്കിൽ ഇതിന് നടപടിയെടുക്കാം. വഖഫ് ബോർഡിന് കൂടുതൽ ഉദാരമായ നിലപാടെടുക്കുകയുമാകാം. കേന്ദ്രസ‌ർക്കാരിന് എന്തെങ്കിലും ശുപാർശ നൽകാൻ കമ്മിഷന് കഴിയില്ല.

റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ

നിലവിൽ മുന്നാക്ക സമുദായക്ഷേമ കമ്മിഷൻ ചെയർമാൻ. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്,​കേരള ഡാം സുരക്ഷാ അതോറിട്ടി,​വിഴിഞ്ഞം ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ,​പൊലീസ് പർച്ചേസ് കമ്മിഷൻ,​വൃദ്ധസദന അന്തേവാസി പ്രശ്നം പഠിച്ച കമ്മിഷൻ,​പത്താം ശമ്പള പരിഷ്കരണ കമ്മിഷൻ,​പൊലീസ്/ജയിൽ പരിഷ്കരണ കമ്മിഷൻ എന്നിവയുടെ ചെയർമാനായിരുന്നു.