കൊച്ചിക്കാർക്ക് സന്തോഷിക്കാൻ വകയുണ്ട്, നയാപൈസ ചിലവില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം

Sunday 24 November 2024 12:31 PM IST

കൊച്ചി: കെ.വൈ ഫൈ പദ്ധതിയി​ൽ ജില്ലയിലെ 221 പ്രദേശങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സേവനം. കേരളാ സ്റ്റേറ്റ് ഐ.ടി. മിഷനാണ് ബി.എസ്.എൻ.എല്ലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് 2023 ഇടങ്ങളിലാണ് സേവനം. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ തുടങ്ങി ജില്ലാ ഭരണകൂടം തിരഞ്ഞെടുത്ത ഇടങ്ങളിലാണ് സൗജന്യ സേവനം. നഗരത്തി​ൽ ഡി​.എച്ച്. ഗ്രൗണ്ട്, ചാത്യാത്ത് റോഡ്, മറൈൻഡ്രൈവ് ഉൾപ്പെടെ പ്രധാന ടൂറി​സ്റ്റ് കേന്ദ്രങ്ങളി​ൽ സേവനം ലഭി​ക്കും.

മൊബൈലിലും ലാപ് ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജിബി വരെ 10 എം.ബി.പി.എസ് വേഗതയോടു കൂടി ഉപയോഗിക്കാം.

ഈ പരിധി കഴിഞ്ഞാൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ റീചാർജ് കൂപ്പൺ /വൗച്ചർ വാങ്ങണം. സർക്കാർ സേവനങ്ങൾ പരിധിയില്ലാതെ സൗജന്യമാണ്. കെ.ഫൈയുടെ പരിധിക്കുള്ളിൽ എത്തുമ്പോൾ വൈഫൈ ഓൺ ചെയ്തു മൊബൈൽ നമ്പർ കൊടുത്തു ലോഗിൻ ചെയ്ത് അതിവേഗ ഇൻറർനെറ്റ് ഉപയോഗിക്കാം. ഓരോ കേന്ദ്രത്തിലും തുടക്കത്തിൽ രണ്ട് വൈ.ഫൈ അക്‌സസ്സ് പോയിന്റുകളും 10 എം.ബി.പി.എസ് ബാൻഡ്‌വിഡ്ത്തുമാണ് നൽകുന്നത്. പിന്നീട് വർദ്ധിപ്പിക്കും. ഒരേ സമയം ഒരു ഹോട്ട് സ്‌പോട്ടിൽ നിന്ന് 100 പേർക്ക് ഉപയോഗിക്കാം.

ലഭ്യമാകുന്ന സേവനങ്ങൾ

എല്ലാ സർക്കാർ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

ടിക്കറ്റ് ബുക്കിംഗ്

ഹോട്ടൽ സംബന്ധമായ വിവരങ്ങൾ

പ്രത്യേകതകൾ

മൊബൈൽ പ്ലാറ്റ്‌ഫോമുകൾ / ലാപ്‌ടോപ്പ് ഉപകരണങ്ങളിൽ വയർലെസ് ആക്‌സസ്.

ലോഗിൻ ചെയ്യാൻ ലളിതമായ ഇന്റർഫേസ്

ടോൾ ഫ്രീ നമ്പർ പിന്തുണയോടെ ഹെൽപ്പ്‌ഡെസ്‌ക്

സേവനവും ഗുണനിലവാരവും അവലോകനം ചെയ്യാൻ സംവിധാനം

സംസ്ഥാനത്തൊട്ടാകെ ഒരേസമയം 1,00,000 പേർക്ക് കണക്ഷൻ ശേഷി​

ജില്ലയിൽ സൗജന്യ വൈഫൈ ലഭ്യമാകുന്ന ചില സ്ഥലങ്ങൾ

മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി

മുനിസിപ്പൽ ഓഫീസ് തൃപ്പൂണിത്തുറ

അഡീഷണൽ ജില്ലാ കോടതി

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത്

ആലുവ ഗവ. ആശുപത്രി ജംഗ്ഷൻ

ആയുർവേദ ക്ലിനിക്ക് കിഴക്കേക്കോട്ട

പറവൂർ ബ്ലോക്ക് പഞ്ചായത്ത്

മുളവുകാട് പഞ്ചായത്ത് ഓഫീസ്