മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി അപകടം, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
Sunday 24 November 2024 5:47 PM IST
ആലപ്പുഴ: കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിരുവല്ല മുത്തൂരിലാണ് സംഭവം. ആലപ്പുഴ തകഴി സ്വദേശി സെയ്‌ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയിരുന്ന കയർ സെയ്‌ദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം.
മുത്തൂർ സർക്കാർ സ്‌കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കയർ കഴുത്തിൽ കുരുങ്ങി റോഡിൽ വീണ സെയ്‌ദിന് ഗുരുതരമായി പരിക്കേറ്റു. ഭാര്യയും മക്കളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും. കരാറുകാരനും മരംവെട്ടു തൊഴിലാളികൾക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.